Dr. Greeshma K

Dr. Greeshma K

Share

Dr. Greeshma K
BAMS, MD (Ayu)

Ayurayanam with Dr. Greeshma K

25/07/2023

മലർക്കഞ്ഞി ശീലമാക്കുന്ന പനിക്കാലമാകട്ടെ ഇത് ☘️☘️☘️

250 ml വെള്ളത്തിൽ, കാൽ സ്പൂൺ ചുക്കുപൊടിയിട്ട് തിളപ്പിച്ച ശേഷം
25 gm മലർ (പൊടിക്കാതെ തന്നെ) ഇട്ട് വെച്ചാൽ മലർക്കഞ്ഞി റെഡിയായി.

പനിയിലും അതിനു ശേഷവുമുണ്ടാകുന്ന ക്ഷീണവും മാറ്റുന്ന ഔഷധസമാനമായ ആയുർവേദ ഭക്ഷണമാണ് മലർക്കഞ്ഞി .
ഛർദ്ദി , വയറിളക്കം , കഫക്കെട്ട് എന്നിവയിലും ഉപയോഗപ്രദമാണ്. ഇന്തുപ്പ് ചേർത്തും കഴിക്കാം.

മലരിനും ചുക്കിനുമൊപ്പം ഉണക്ക മുന്തിരി, നറുനീണ്ടി, തിപ്പലി, തേൻ, എന്നിവ മേമ്പൊടിയായി ചേർത്തു കഞ്ഞിയുണ്ടാക്കിയാൽ അതിയായ ദാഹം എന്ന അവസ്ഥ മാറ്റാനാകും.

#മലർക്കഞ്ഞി

31/08/2021

പുരുഷന്മാരെ അപേക്ഷിച്ച്‌ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ ( Urinary tract infection - UTI ). കണക്ക് എടുത്ത് നോക്കുകയാണെങ്കിൽ ഒരുതവണയെങ്കിലും മിക്കവരിലും UTI വന്നു പോയിട്ടുണ്ടാവും. പുരുഷന്മാരിൽ അധികവും 60 വയസിനുമുകളിലും പ്രോസ്റ്റിറ്റിസ് പോലെയുള്ള അസുഖങ്ങൾ ഉള്ളവരിലും പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും ഒക്കെയാണ് മൂത്രത്തിൽ അണുബാധ കണ്ടുവരുന്നത്.

അടിവയറ്റിൽ വേദന, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന തോന്നൽ, മൂത്രം ഒഴിക്കുമ്പോൾ ഉള്ള പുകച്ചിലും വേദനയും തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായി കണ്ടുവരുന്നത്. ഇതുകൂടാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം, മൂത്രത്തിന് നിറവ്യത്യാസം, ദുർഗന്ധം, ശരീരത്തിന് ക്ഷീണം, പനി, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കൂടി കണ്ടുവരുന്നു.

ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ചികിത്സ തീർച്ചയായും എടുക്കണം. ചികിത്സിക്കാതിരുന്നാൽ അണുബാധ കൂടി വൃക്കയുടെ പ്രവർത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിൽ ഇത്തരം ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മൂത്രാശയ അണുബാധ മാറ്റാനായി കൃത്യമായ കാലയളവിലേക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശിക്കുന്നു.

കൗമാരക്കാരിലും മുതിർന്ന സ്ത്രീകളിലും മൂത്രത്തിലെ അണുബാധ ഉണ്ടാകാൻ ഉള്ള പ്രധാനകാരണം സ്കൂളിലും കോളേജിലും ജോലിസ്ഥലത്തും എല്ലാം മൂത്രം ഒഴിക്കുന്നതിൽ അസൗകര്യം കണ്ടെത്തുന്നതും അശ്രദ്ധകൊണ്ടും ഇവർ മൂത്രം പിടിച്ചുവെക്കുന്നത് കൊണ്ടാണ്.

മൂത്രസഞ്ചിയിൽ നിന്നും മൂത്രം മുഴുവനായി പോവാതിരിക്കുന്നതാണ് മൂത്രത്തിൽ അണുബാധയ്ക്ക് കാരണമാകുന്നത്. മൂത്രം പിടിച്ചുവെക്കുന്നത് കൂടാതെ മൂത്രാശയ സംബന്ധമായ അസുഖം, മൂത്രാശയത്തിലോ വൃക്കയിലോ ഉള്ള കല്ല്, പേശിബല കുറവ്, uterine prolapse പോലെയുള്ള ഗർഭാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഇതിനുള്ള മറ്റുകാരണങ്ങളാണ്.

മൂത്രപരിശോധനയിലൂടെ അണുബാധയും അതിന്റെ തോതും മനസിലാക്കാൻ സാധിക്കും.

ഒരിക്കലും തടഞ്ഞുവെക്കാൻ പാടില്ലാത്ത പതിമൂന്നോളം വേഗങ്ങൾ തടഞ്ഞുവെക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളും ലക്ഷണങ്ങളും അതിന്റെ ചികിത്സയും ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഒന്നാണ് മൂത്രവേഗം. മൂത്രവേഗം തടഞ്ഞുവെക്കുക എന്നത് ഏറ്റവും അനാരോഗ്യമായ കാര്യമാണ്. മൂത്രത്തിൽ അണുബാധ ഉണ്ടാകാൻ ഉള്ള കാരണത്തിൽ ഒന്നാണിത്. മൂത്രവേഗം തടഞ്ഞുവെക്കുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ വർത്തി, അഭ്യംഗം, അവഗാഹം, സ്വേദനം, വസ്തികർമ്മം തുടങ്ങിയ ആയുർവേദചികിത്സകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതൽ വെള്ളം കുടിക്കുക, ജലാംശം ഉള്ള പഴങ്ങളും പച്ചകറികളും ഭക്ഷണത്തിൽ ഉൾപെടുത്തുക, മൂത്രം പിടിച്ചുവെക്കാതിരിക്കുക, വ്യക്‌തിശുചിത്വം പാലിക്കുക തുടങ്ങിയവ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ നെയ്യ്, ഇളനീർവെള്ളം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

മദ്യപാനം, ഉപ്പ്, എരിവ്, പുളി തുടങ്ങിയവയുടെ അമിതമായ ഉപയോഗം, അമിതമായ ശരീര ആയാസം, വിരുദ്ധാഹാരങ്ങളുടെ ഉപയോഗം തുടങ്ങിയവ മാറ്റിനിർത്തണം.

ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇതിന് ഒരു ശമനം നൽകുന്നുണ്ട്. ഞെരിഞ്ഞിൽ കൊണ്ട് കഷായം ഉണ്ടാക്കി പഞ്ചസാരയും തേനും ചേർത്ത് സേവിക്കുന്നതും നല്ലതാണ്. തഴുതാമകൊണ്ട് ഉണ്ടാക്കിയ കഷായവും ഇതിന് ആശ്വാസം നൽകുന്നുണ്ട്. വാതം കുറയ്ക്കുന്നതരത്തിൽ ഉള്ള കഷായത്തിൽ അവഗാഹം ചെയ്യുന്നത് ( ചൂടുള്ള കഷായം നിറച്ച tub ൽ കുറച്ചുനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ) നല്ലതാണ്. നാഭിപ്രദേശത്ത് ക്ഷീരബല തൈലം, ധന്വന്തരം തൈലം എന്നിവയിൽ ഏതെങ്കിലും പുരട്ടുന്നതും നല്ലതാണ്.

ഇതെല്ലാം ഓരോ വ്യക്തിയ്ക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങളിൽ സ്വയം ചികിത്സ ചെയ്യാതെ താമസം കൂടാതെ വൈദ്യനിർദ്ദേശം നിർബന്ധമായും തേടേണ്ടതാണ്.

--

Dr. Greeshma K

26/07/2021

കർക്കിടകമാസം തുടങ്ങിയിരിക്കുകയാണ്. കുറച്ചുപേരെങ്കിലും പഴമക്കാർ ശീലിച്ചു വരുന്ന കർക്കിടകചര്യകൾ തുടങ്ങിയിട്ടുണ്ടാവും.

ആയുർവേദത്തിൽ സ്വാസ്ഥ്യസംരക്ഷണത്തിനായി ഋതുചര്യകൾ വിശദീകരിച്ചിട്ടുണ്ട്. ഓരോ ഋതുക്കളിലും ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും ഋതുചര്യയിൽ പ്രതിപാദിച്ചിട്ടുണ്ട്.

ആറ് ഋതുക്കളിൽ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്നു ഋതുക്കൾ ആദാനകാലമെന്നും വർഷം, ശരത്, ഹേമന്തം എന്നിവ വിസർഗ്ഗകാലമെന്നും ആയുർവേദം പ്രതിപാദിക്കുന്നുണ്ട്. ആദാനകാലത്തിൽ സൂര്യന്റെയും വിസർഗ്ഗകാലത്തിൽ ചന്ദ്രന്റെയും പ്രഭാവമാണ് കൂടുതൽ ഉണ്ടാവുക. ആദാനകാലത്തിലെ സൂര്യന്റെ പ്രഭാവത്താൽ ശരീരബലം ക്രമേണ ശിശിരകാലത്തിൽ നിന്നും ഗ്രീഷ്മകാലത്തിലേക്ക് എത്തുമ്പോഴേയ്ക്കും കുറഞ്ഞുവരുന്നു. ഗ്രീഷമകാല അവസാനത്തിൽ ശരീരബലം നന്നേ കുറഞ്ഞിരിക്കുമ്പോഴാണ് വർഷകാലം അഥവാ കർക്കിടകമാസത്തിന്റെ ആരംഭം.

ശരീരബലം നല്ലവണ്ണം കുറഞ്ഞിരിക്കുന്നവസ്ഥയിൽ രോഗപ്രതിരോധശേഷിയുടെ അവസ്ഥ ഊഹിക്കാമല്ലോ.

ദഹനശക്തി, ശാരീരികബലം, മാനസികബലം, പ്രതിരോധശേഷി, ഇവ വളരെ കുറഞ്ഞിട്ടുള്ള കാലമാണ് കർക്കിടകമാസം. ഇവിടെ ആരോഗ്യസംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

വരാൻ പോകുന്ന മാസങ്ങളിലേക്ക് വേണ്ടി നമ്മുടെ ശരീരത്തെ പാക പ്പെടുത്തേണ്ട കാലം കൂടിയാണ് കർക്കിടകമാസം. ശരീരത്തിന് രസായന ചികിത്സകൾ ( Rejuvenating treatments) ഇവിടെ ആവശ്യമാണ്.

ആയുർവേദപ്രകാരം ശരീരത്തിൽ ത്രിദോഷങ്ങളുടെ കോപമാണ് കർക്കിടക മാസത്തിൽ ഉണ്ടാവുന്നത്.

ചുട്ടുപൊള്ളുന്നചൂടിനു ശേഷം ചൂടുള്ള ഭൂമിയിലേക്ക് മഴ പതിക്കുമ്പോൾ ഭൂമിയിലും അന്തരീക്ഷത്തിലും അമ്ലത (acidity) രൂപപ്പെടുന്നു. അത് സർവ്വജീവജാലങ്ങളിലും പ്രതിഫലിക്കുന്നു. ഈ അമ്ലത നമ്മളിൽ പിത്തദോഷത്തിന്റെ ദൂഷണം ഉണ്ടാക്കുന്നു. പിത്തദോഷത്തിന്റെ അസന്തുലിതാവസ്ഥ പ്രധാനമായി ദഹനശക്തിയെ കുറയ്ക്കാൻ കാരണമാക്കുന്നു. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ അസുഖങ്ങൾ ഈ കാലത്ത് കണ്ടുവരുന്നു.
പിന്നെ അന്തരീക്ഷ രൂക്ഷതയും തണുപ്പും വാതത്തെയും കോപിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വാതസംബന്ധരോഗങ്ങളും സന്ധിവേദനകളും തലപൊക്കിതുടങ്ങുന്നു. കൂടെ കൂടുതലുള്ള തണുപ്പ്‌ കാരണം കഫദോഷത്തിന്റെ കോപനവും ഉണ്ടാവുന്നതുമൂലം നീർക്കെട്ട്, കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ കർക്കിടകമാസത്തിൽ കണ്ടുവരാറുണ്ട്.

ശരീരത്തിൽ ഇങ്ങനെ ത്രിദോഷങ്ങൾ കോപിച്ചിട്ടുള്ള അവസ്ഥയിൽ നമ്മുടെ ശരീരബലവും പ്രതിരോധശേഷിയും വളരെ കുറവായിരിക്കും.

ലഘുവായ ആഹാരങ്ങളാണ് കർക്കിടകമാസത്തിൽ ഉത്തമം. കൂടാതെ ആയുർവേദത്തിൽ അഭ്യംഗം, ഞവരകിഴി, ഇലകിഴി, ധാര തുടങ്ങിയ പൂർവ്വകർമ്മങ്ങളോടു കൂടിയ പഞ്ചകർമ്മ ശുദ്ധീകരണം ചെയ്യുന്നത് ഉത്തമമാണ്. ഇത്തരം ചികിത്സകൾ വൈദ്യനിർദ്ദേശത്തിൽ മാത്രമാണ് ചെയ്യേണ്ടത്. പഞ്ചകർമ്മ ശുദ്ധീകരണത്തിനു ശേഷം രസായനവിധികൾ കൂടെ ചെയ്യുന്നതു വഴി ശരീരത്തിന് ബലം ധാതുപുഷ്ടി, രോഗപ്രതിരോധശേഷി ഇവ ഉണ്ടാകുന്നു. അത് ശരീരത്തെ സാംക്രമികരോഗങ്ങളിൽ നിന്നും ഉദരവ്യാധികളിൽ നിന്നും മറ്റും ചെറുത്തുനിൽക്കാൻ പ്രാപ്തമാക്കുന്നു.

പിന്നെ കർക്കിടകത്തിൽ പഴമക്കാർ ശീലിച്ചുവരുന്ന ഒന്നാണ് ഔഷധകഞ്ഞി. പ്രാദേശികമായി ചില വ്യത്യാസങ്ങൾ കർക്കിടക കഞ്ഞി ഉണ്ടാക്കുന്നതിൽ ഉണ്ടെങ്കിലും ഞവര അരി, ആശാളി, ജീരകം, ഉലുവ തുടങ്ങിയവയുടെ ഔഷധഗുണം കഞ്ഞിയിൽ ചേരുമ്പോൾ ശരീരത്തിന് അത് ധാതുപുഷ്ടി ഉണ്ടാക്കാൻ സഹായിക്കുന്നു. ദിവസത്തിൽ ഒരുനേരം ഔഷധകഞ്ഞി ഉപയോഗിക്കുന്നത് നല്ലതാണ്.

പിന്നെ കർക്കിടകമാസത്തിൽ സുലഭമായി കണ്ടുവരുന്ന പത്തിലകളുടെ തോരനും പഴമക്കാർ ശീലിച്ചുവന്നിരുന്നു. അതും ശരീരബലത്തിനും ധാതുപുഷ്ടിക്കും നല്ലത് തന്നെയാണ്.

കുമ്പളത്തിലെ ഇല, ചേനയില, ചെമ്പിന്റെ ഇല, ചീരയില, ചൊറിയണത്തിന്റെ ഇല, തകര ഇല, തഴുതാമ ഇല, പയറിന്റെ ഇല, മത്തന്റെ ഇല, മുള്ളൻ ചീരയില തുടങ്ങിയവയാണ് പത്തിലകൾ.

മുരിങ്ങയില സാധാരണയായി കർക്കിടകമാസം ഉപയോഗിക്കാറില്ല. അതിനുകാരണം മുരിങ്ങയിലയിൽ ഈ മാസങ്ങളിൽ വിഷാംശം ഉണ്ടാകും എന്നത് കൊണ്ടല്ല, മറിച്ച് പൊതുവെ ദഹനശക്തി കുറഞ്ഞ ഈ മാസത്തിൽ മുരിങ്ങയില ദഹിക്കാൻ കുറച്ചധികം ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്. നന്നായി ദഹിക്കാതെ വരുമ്പോഴുള്ള അജീർണ്ണാവസ്ഥ ഉദരാരോഗങ്ങൾക്ക് വഴിയൊരുക്കും.

കൂടാതെ കർക്കിടക മാസത്തിലെ രാമായണ പാരായണത്തിലൂടെയുള്ള അദ്ധ്യാത്മികചിന്തനം മനസിന്‌ ബലം നൽകുന്നതാണ്. അത് സാധികാത്തവർക്ക് പ്രണായാമം, യോഗ, meditation എന്നിവ ഉപയോഗപ്പെടുത്താ വുന്നതാണ്.

ശരീരധാതുപുഷ്ടിയും ബലവും വീണ്ടെടുക്കുകയും രോഗപ്രതിരോധശേഷി ഉണ്ടാക്കുകയും മാത്രമല്ല, മറിച്ച് രോഗശമനത്തിന് വേണ്ടിയും കർക്കിടകചികിത്സ ഉപയോഗപെടുത്താവുന്നതാണ്.

Dr. Greeshma K

13/07/2021

ദിനചര്യ, ഋതുചര്യ, തുടങ്ങിയ ചര്യകൾ ആയുർവേദത്തിൽ ആരോഗ്യവാന്റെ സ്വാസ്ഥ്യസംരക്ഷണത്തിനുള്ളതാണ്
അതിൽ കവലം, ഗണ്ഡൂഷം എന്നീ ചര്യകൾ ദിനചര്യ ( daily regimen) യിൽ പറഞ്ഞിട്ടുള്ളതാണ്.

കവലഗണ്ഡൂഷ വിധി ദിവസവും ചെയ്യുന്നവർക്ക് പല്ല്, മോണ, തൊണ്ട തുടങ്ങിയവയിൽ ഉണ്ടാകുന്ന അസുഖങ്ങൾ പരമാവധി തടയാൻ സാധിക്കും.

കഷായമോ തൈലമോ, പാലോ, കൂടാതെ മറ്റേതെങ്കിലും ഔഷധ ദ്രവങ്ങളോ വായിൽ നിറച്ച് കുറച്ചുനേരം വായയിൽ തന്നെ പിടിച്ചുവെക്കുന്നതാണ് ഗണ്ഡൂഷവിധി.

അമിതമായി ഉമിനീർ ഉത്പാദനം, കണ്ണുനീർ വരുക, മൂക്കിൽ നിന്നും watery അല്ലെങ്കിൽ mucous discharge ഉണ്ടാകുന്നവരെയാണ് ദ്രവം വായയിൽ പിടിച്ചുവെക്കേണ്ടത്. ശേഷം തുപ്പിക്കളയാം.
ഇവിടെ വായയിൽ ദ്രവത്തിന് ഒരു ചലനവും ഉണ്ടാവുന്നില്ല.
പക്ഷെ കവലവിധിയിൽ വായയിൽ ദ്രവത്തിന് ചലനം ഉണ്ടാവണം. അതുകൊണ്ടു തന്നെ ഗണ്ഡൂഷത്തിന്റെ അളവിനെക്കാൾ കുറവ് ദ്രവമാണ് കവലത്തിനു വേണ്ടി എടുക്കുന്നത്. കവലവിധി എന്നാൽ കവിൾ കൊളളുക (gargling) ആണ്. തൊണ്ടവേദന വരുമ്പോൾ ചൂടുവെള്ളത്തിൽ ഉപ്പ്, മഞ്ഞൾ ഒക്കെ ഇട്ടു നമ്മൾ കവിൾ കൊള്ളാറുണ്ട്. പലതരം രോഗശമനത്തിനായി കഷായം, സ്വരസം, ധാന്യാമ്ലം, തുടങ്ങിയ ഔഷധ ദ്രവങ്ങൾകൊണ്ടു രോഗിയുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് കവലവിധി ഉപയോഗിക്കാറുണ്ട്.

ഊർദ്ധ്വാ ജത്രുഗത രോഗങ്ങളിൽ ( കഴുത്തിനു മുകളിലോട്ടുളള രോഗങ്ങളിൽ ) കവലഗണ്ഡൂഷവിധികൾ ശമനം ചെയ്യാറുണ്ട്.

ദന്തധാവനത്തിനു ( tooth brushing ) ശേഷം ദിവസവും കവലമോ ഗണ്ഡൂഷമോ ചെയ്യുകയാണെങ്കിൽ പല്ലു കേടുവരുക, വായ്നാറ്റം, മോണയിലെ രക്തസ്രാവം, തൊണ്ടയിലെ വരൾച്ച ( throat dryness), ചുണ്ടുപൊട്ടൽ (cracked lips) തുടങ്ങിയവയിൽ നിന്നും സംരക്ഷണം നൽകുന്നു. കൂടാതെ ഇതു ചെയ്തുകഴിയുമ്പോൾ freshness അനുഭവപ്പെടുകയും, വായയ്ക്കു ഒരു ലഘുത്വം( Lightness), voice നു clarity തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നു.

ഗണ്ഡൂഷത്തിൽ ദ്രവം കുറച്ചുനേരം വായ നിറച്ച്‌ പിടിച്ചുവെക്കുന്നതിലൂടെ പല്ലിനും മോണയ്ക്കും താടിയെല്ലിനും ബലം കിട്ടാൻ സഹായിക്കുന്നുണ്ട്.

ദിവസവും കരിങ്ങാലി ഇട്ടു വെച്ച കഷായം ( Khadira Kashaya) കൊണ്ടു കവിൾകൊള്ളുന്നത് വിശപ്പില്ലായ്മ, രുചിയില്ലായ്മ, അഴുക്ക്, കൂടുതൽ ആയി ഉള്ള ഉമിനീരുത്പാദനം തുടങ്ങിയവ മാറാൻ സഹായിക്കുന്നു.

ദിവസവും ചൂടുവെള്ളത്തിലോ, എള്ളെണ്ണയും ചൂടു വെള്ളവും ചേർത്തോ കവിൾകൊള്ളുന്നത് നല്ലതാണ്. അത് ചെയ്യുന്നതിലൂടെ വിശപ്പില്ലായ്മ, tastlessness, പല്ലിലെ അഴുക്ക്, പല്ലുകോച്ചൽ, മോണയിലുണ്ടാകുന്ന രക്തസ്രാവം, വായ്പുണ്ണ്, തൊണ്ടവേദന, വായ്നാറ്റം എന്നിവ തടയാൻ സാധിക്കുന്നു.

ആയുർവേദപ്രകാരം സ്വാസ്ഥ്യസംരംക്ഷണ ത്തിനായി ഇതു കൂടാതെ മാറ്റ് ദിനചര്യകളും ആചരിക്കുന്നത് ഉത്തമമാണ്.

Dr. Greeshma K

10/07/2021

ആയുർവേദ കുലപതി പദ്മശ്രീ പി. കെ. വാരിയർ വിട പറഞ്ഞു, ആദരാഞ്ജലികൾ🙏

06/07/2021

സ്ത്രീകളിൽ സർവ്വ സാധാരണയായി കാണുന്ന അസുഖ ലക്ഷണങ്ങളിൽ ഒന്നാണ് വെള്ളപോക്ക് അഥവാ ല്യൂക്കോറിയ ( Leucorrhoea - White vaginal discharge).

ഇത് ചിലർക്കിടയിൽ അസ്ഥിയുരുക്കം, അസ്ഥിസ്രാവം, ഉഷ്ണത്തിന്റെ അസുഖം എന്നീ പേരുകളിൽ അറിയപ്പെടുന്നു.

White vaginal discharge എപ്പോഴും ഒരു അസുഖലക്ഷണമായി കാണേണ്ടതില്ല.
ആർത്തവം തുടങ്ങുന്നതിനു തൊട്ടുമുൻമ്പുള്ള ദിവസങ്ങളിലും ശേഷമുള്ള ദിവസങ്ങളിലും, ovulation ഉള്ള ദിവസങ്ങളിലും, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴും, ആർത്തവവിരാമം (Menopause) ആയ സ്ത്രീകളിലും, മലബന്ധമുള്ളപ്പോഴും, ഗർഭകാലത്തും യോനിയിലൂടെ ഉള്ള സ്രാവം കൂടുതൽ ആയി കാണപ്പെടുന്നു.
കൂടാതെ കഠിനാധ്വാനം ഉള്ള ദിവസങ്ങളിൽ, ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ, കൂടുതലായി വിയർക്കുന്ന പ്രകൃതക്കാരിൽ കൂടുതൽ അളവിൽ യോനിയിലൂടെ ഇങ്ങനെ സ്രാവം ഉണ്ടാവാറുണ്ട്.
ഇതെല്ലാം normal condition ആണ്.
ഇവിടെ നിറവ്യത്യാസമോ ദുർഗന്ധമോ ചൊറിച്ചിലോ സാധാരണയായി കാണാറില്ല.

ഗർഭാശയത്തിൽ ഉണ്ടാകുന്ന ചിലരോഗങ്ങൾ കൊണ്ടും, പലതരം അണുബാധകൾകൊണ്ടും യോനിയിലൂടെ ഉള്ള സ്രവത്തിന് നിറത്തിൽ വ്യത്യാസവും, മണവും, അമിതസ്രാവവും ഉണ്ടാകുന്നു.
പലതരം അണുബാധയ്ക്കനുസരിച്ച്‌ ഗന്ധവും നിറവും പലരിലും വ്യത്യസ്തമാണ്.


സാധാരണയായി യോനിയിലൂടെയുള്ള സ്രവം, നിറവ്യത്യാസം ഇല്ലാത്തതും മണം ഇല്ലാത്തതും കോഴിമുട്ടയുടെ വെള്ളപോലെ ഉള്ള consistency ഉള്ളതും ആയിരിക്കും. അതിന്റെ കൂടെ ചൊറിച്ചിൽ ഉണ്ടാവില്ല.

അമിതസ്രാവത്തിന്റെ കൂടെ നിറവ്യത്യാസവും ദുർഗന്ധവും ചൊറിച്ചിലും തുടങ്ങിയവ ഉണ്ടാകുമ്പോൾ ആണ് ചികിത്സയുടെ ആവശ്യം വരുന്നത്.

ഇതുകൂടാതെ ശരീരക്ഷീണം, നടുവേദന, കൈകാൽ നീറ്റൽ, വയറെരിച്ചിൽ, തലകറക്കം, സന്ധികളിൽ നീര്, വേദന തുടങ്ങിയ ലക്ഷങ്ങൾ കൂടെ കാണാം. ചില ദിനങ്ങളിൽ ഈ ലക്ഷണങ്ങൾ അധികരിച്ചും കാണപ്പെടുന്നു. അത്തരം ദിനങ്ങളിൽ സ്രവം കൂടുതൽ കട്ടിയായും ദുർഗന്ധത്തോടെയും നിറവ്യത്യാസത്തോടെയുംകണ്ടുവരുന്നുണ്ട്.

പ്രമേഹം ഉള്ളവരിൽ, Pelvic inflammatory disease ഉള്ളവരിൽ, അതല്ലാതെ മറ്റ് യോനിഗർഭാശയ രോഗം ഉള്ളവരിൽ, അണുബാധയുള്ളവരിൽ, steroid, ഗർഭനിരോധ ഗുളികകൾ എന്നിവയുടെ അമിതഉപയോഗം ഉള്ളവരിൽ, ലൈംഗികരോഗമുള്ളവരിൽ, വൃത്തിയിലായ്മ, വൃത്തിയില്ലാത്ത സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്നവരിൽ, ജീവിതചര്യയിൽ മാറ്റം വന്നവരിൽ, മാനസികസമ്മർദ്ദമുള്ളവരിൽ, കാപ്പി, ചായ ഇവയുടെ അമിതമായ ഉപയോഗം ഉള്ളവരിൽ, വൃത്തിയില്ലാത്തതും നനവ് ഉള്ളതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കുന്നവരിൽ, മലബന്ധവും കൃമിയും ഉള്ളവരിൽ ഒക്കെ ഈ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.

ആദ്യ ആർത്തവശേഷമാണ് ഈ ലക്ഷണങ്ങൾ കൂടുതൽ ആയി കണ്ടുവരുന്നതെങ്കിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളിലും ഇത് കണ്ടുവരുന്നുണ്ട്.
കുഞ്ഞുകുട്ടികളിൽ നിറത്തോടും ഗന്ധത്തോടും കൂടിയുള്ള അമിതസ്രാവം കാണുകയാണെങ്കിൽ, അതു കൃമിയുടെ സാന്നിധ്യം ആവാം. അവിടെ കൃമിഹരമായ ചികിത്സയാണ് ചെയ്യേണ്ടത്.

പലപ്പോഴും വൃത്തിയിലായ്മ കൊണ്ടുമാത്രം വരുന്ന അസുഖമാണെന്ന് തെറ്റിദ്ധരിച്ചു പലരും ചികിത്സതേടാറില്ല. ഇതിൽ നിന്നു മനസിലാക്കേണ്ടത് മറ്റു ചിലകാരണങ്ങൾകൊണ്ടും വെള്ളപോക്ക് ഉണ്ടാവാമെന്നതാണ്.

നിറത്തിലോ ഗന്ധത്തിലോ മാറ്റം കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സനേടുകയാണ് വേണ്ടത്.
ഇതിന് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലും ഉണ്ട്. ഒരുവിധം എല്ലാ Gynaecological disorders ഉം _യോനിവ്യാപത്_ എന്ന വിഭാഗത്തിൽ ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ആയുർവേദത്തിൽ Lucorrhoea, ശ്വേതപ്രദര_ എന്ന രോഗലക്ഷണവുമായി ഏറെ സാമ്യമുള്ളതാണ്. കഫ ദോഷത്തിന്റെയും രസ ധാതുവിന്റെയും ദുഷ്ടികൊണ്ടാണ് _ശ്വേതപ്രദര_ ഉണ്ടാവുന്നത്.
കൂടാതെ യോനിവ്യാപത്തിലും ഇതു ലക്ഷണമായി കാണുന്നു. ആയതിനാൽ സ്രവത്തിൽ അസ്വാഭാവികത കാണുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ച്‌ ചികിത്സ തേടേണ്ടതാണ്.

-Dr Greeshma K

27/06/2021

ഒട്ടുമിക്കവരും ആയുർവേദത്തോട് വിമുഖത കാണിക്കുന്നത്തിൽ ഒരു കാരണം പഥ്യമാണ്. പഥ്യം എന്നതിന് ഒരു വില്ലന്റെ പരിവേഷം ആണ് എല്ലാവരും കൊടുത്തിരിക്കുന്നത്. ഒരുവിധം എല്ലാ ആയുർവേദ ഡോക്ടർമാരും തന്റെ മുൻപിൽ എത്തുന്ന രോഗികളിൽ നിന്നു കേൾക്കേണ്ടിവരുന്ന സ്ഥിരം പല്ലവികളിൽ ഒന്നാണ് - " ഡോക്ടറേ.. പഥ്യം ഉള്ള മരുന്ന് എഴുതരുതെ. പഥ്യം ഇല്ലാത്ത മരുന്ന് മതിയെനിക്ക്. മാംസാഹാരം ഒഴിവാക്കേണ്ടിവരുന്ന മരുന്നും വേണ്ട ഡോക്ടറേ."
അത്രയ്ക്കും അപരാധിയാണോ ഈ പഥ്യം?
പഥ്യം ഉള്ള മരുന്നും പഥ്യം ഇല്ലാത്ത മരുന്നും എന്നിങ്ങനെ രണ്ടുതരം മരുന്നു ഉണ്ടോ?
പഥ്യം
യാഥാർത്ഥ്യത്തിൽ മരുന്നിനല്ല, രോഗത്തിനും രോഗിയ്ക്കുമാണ് എന്നു നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു.
പഥ്യം രോഗിയെ ബുദ്ധിമുട്ടിക്കുന്ന ഒന്നല്ല. പഥ്യം രോഗിയെ ആരോഗ്യത്തിലേക്ക് ഉള്ള വഴി ഒരുക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

പഥ്യം എന്നാൽ ഹിതവും അപഥ്യം എന്നാൽ അഹിതവും ആയി ഉള്ളത് എന്നർത്ഥം.
ശരീരത്തിനും മനസിനും രോഗാവസ്ഥയ്ക്കും ഒരുപോലെ ഹിതമായി ഉള്ളതെല്ലാം പഥ്യം എന്നും അല്ലാത്തതെല്ലാം അപഥ്യം എന്നും മനസ്സിലാക്കിയാൽ തീരാവുന്ന ഒരു കാര്യമാണ് പഥ്യത്തോടുള്ള ഈ വിരോധം.

ആരോഗ്യവാനായ ഒരാളുടെആരോഗ്യം നിലനിർത്തുകയും ( സ്വസ്ഥന്റെ സ്വാസ്ഥ്യസംരക്ഷണവും)രോഗിയുടെ രോഗം മാറ്റുക എന്നതുമാണ് ആയുർവേദത്തിന്റെ പരമമായ ലക്ഷ്യം.

ആരോഗ്യവാനായ ഒരാൾ എപ്പോഴാണ് ഒരു രോഗി ആവുന്നത്? അഹിതമായ ആഹാരവിഹാരങ്ങൾ ആണ് മിക്ക രോഗങ്ങൾക്കും കാരണമായി ഭവിക്കുന്നത്.
അഹിതമായ വിഹാരങ്ങൾ എന്നു പറയുമ്പോൾ അത്, ശരീരം കൊണ്ടോ മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങൾ കൊണ്ടോ ഉള്ള അഹിതമായ പ്രവർത്തികൾ ആണ്.

ഉദാഹരണത്തിന് അമിതമായ ചിന്ത, Tension, Stress, അസൂയ, ദേഷ്യം, സങ്കടം തുടങ്ങിയവ മനസിന്റെ അഹിതപ്രവർത്തികൾ ആണ്.
കൂടുതൽ നേരം കണ്ണിനും മറ്റു ഇന്ദ്രിയങ്ങൾക്കും strain കൊടുക്കുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ ഇന്ദ്രിയങ്ങളുടെ അഹിതമായ പ്രവർത്തികൾ ആണ്.

അമിതമായി ആഹാരം കഴിക്കുക, വളരെ കുറച്ചുമാത്രം കഴിക്കുക, എരിവും പുളിയും ഒക്കെ കൂടുതൽ ആയി ഭക്ഷണത്തിൽ ചേർക്കുക, മുന്നേ കഴിച്ച ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക തുടങ്ങിയവ അഹിതമായ ഭക്ഷണരീതികളിൽ പെടുത്താം.

ഇങ്ങനെയുള്ള അഹിതമായ കാരണങ്ങൾ ആണ് പലതരം രോഗങ്ങളിലേക്ക് നമ്മളെ നയിക്കുന്നത്.

ഈ കാര്യങ്ങളെ ഒഴിവാക്കി ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങൾക്കും ഹിതം ചെയ്യുന്നതാണ് പഥ്യം.

കൂടാതെ ചില പ്രകൃതക്കാരിൽ ചില അസുഖങ്ങൾ ചില season കളിലോ പ്രവർത്തിയിലോ ചില ആഹാരം കഴിക്കുന്നതിലൂടെയോ അധികമാവാനോ ഇല്ലാത്തവരിൽ പ്രത്യക്ഷപെടാനോ സാധ്യതകൾ ഉണ്ട്.
അത് മുൻകൂട്ടി മനസിലാക്കി അതു ഒഴിവാക്കാൻ നമ്മൾക്ക് സാധിക്കും.

ഉദാഹരണത്തിന്, തണുത്ത ആഹാരം കഴിക്കുമ്പോഴും മറ്റും Tonsilitis പെട്ടെന്ന് വരുന്ന ഒരു വ്യക്തി ചൂടുവെള്ളം ഉപയോഗിക്കുന്നതും തണുപ്പിൽ നിന്നും പരമാവധി മാറിനിൽക്കുന്നതും അയാളുടെയും അയാളുടെ രോഗത്തിന്റേയും പഥ്യമാണ്. Ice cream, മറ്റു cold items ഒക്കെ ഇവിടെ അപഥ്യം ആണ്.

ഔഷധത്തിന്റെ കൂടെ പഥ്യത്തിന്റെ ആചരണം കൂടി കൃത്യമായി ചെയ്യുമ്പോൾ രോഗശമനം പെട്ടെന്ന് ഉണ്ടാവുന്നു. ചില രോഗത്തിന് പഥ്യം മാത്രം ആചരിച്ചു കൊണ്ടു ശമനം ഉണ്ടാക്കാനാവും. ചില രോഗത്തിന് ഔഷധങ്ങൾക്ക് ഒപ്പം പഥ്യവും ആചാരിച്ചാലായിരിക്കും ശമനം ഉണ്ടാകുക. ചില വേദനകളിലും ലക്ഷണങ്ങളിലും പഥ്യം ആചാരിക്കാതെ വീര്യം കൂടിയ ഔഷധങ്ങൾ മാത്രം കൊണ്ട് ശമനം ഉണ്ടായേക്കും. പക്ഷെ പിന്നീട് അപഥ്യസേവ തുടരുന്നതുവഴി വീണ്ടും തിരിച്ചുവരികയും ചെയ്യും.

പനിയുള്ള അവസ്ഥയിൽ നല്ല heavy ആയ ബിരിയാണി അപഥ്യവും ലഘുവായ കഞ്ഞി പഥ്യവും ആകുന്നു.

ആകെ തകിടം മറഞ്ഞിരിക്കുന്ന ദഹനാവസ്ഥയിൽ നല്ല ലഘുവായ ആഹാരരീതിയാണ് ഹിതമായിട്ടുള്ളത്.

പിന്നെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആയുർവേദ മരുന്നിനൊപ്പം മാംസം കഴിക്കാൻ പാടുണ്ടോ എന്നതാണ്.

അതിനും ഉത്തരം എന്തെന്നാൽ കഴിക്കണോ വേണ്ടയോ എന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയ്ക്ക് അധിഷ്ഠിതമാണ് എന്നതാണ്.

രോഗിയുടെ രോഗാവസ്ഥ മാംസം കഴിക്കുന്നതുവഴി കൂട്ടാൻ ഇടയാക്കുന്നുവെങ്കിൽ അത് അപഥ്യമായി കണ്ടു ഒഴിവാക്കുന്നത് രോഗശമനത്തിനു സഹായിക്കുന്നു.

മാംസം അടങ്ങിയ പലതരം ഔഷധങ്ങൾ ആയുർവേദത്തിൽ ഉണ്ട്.
ചില രോഗാവസ്ഥയിൽ മാംസരസം (Meat soup) കഴിക്കാൻ ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
ഇങ്ങനെ വരുമ്പോൾ ആയുർവേദത്തിനു മാംസാഹാരങ്ങളോട് ഒരു വിരോധവും ഇല്ല എന്നു മനസിലാക്കാം.

പ്രധാനമായും പഥ്യം രോഗിയ്ക്കും രോഗാവസ്ഥയ്ക്കും ആണെങ്കിലും ചുരുക്കം ചില മരുന്നുകൾക്കായും പഥ്യം ആയുർവേദത്തിൽ നിഷ്കർശിച്ചിട്ടുണ്ട്.
അതിൽ അടങ്ങിയ ചില ingredients നു പ്രത്യേകം ചില ആഹാരത്തിന്റെ കൂടെയോ പ്രവർത്തിയുടെ കൂടെയോ ചേരുമ്പോൾ ചില നല്ലതല്ലാത്ത ലക്ഷണങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയുണ്ട്. അതിനാൽ ആ ആഹാര വിഹാരം ഒഴിവാക്കാൻ പറയുന്നു. അത് രോഗിയെ ബുദ്ധിമുട്ടിക്കുന്നതരത്തിൽ ആയിരിക്കില്ല.

അതുകൊണ്ട് തന്നെ നല്ല ആരോഗ്യത്തിനും, രോഗങ്ങൾക്കായി ഔഷധം സേവിക്കുന്നവർ വേഗത്തിൽ ഉള്ള രോഗശമനത്തിനുവേണ്ടിയും പഥ്യം സ്വീകരിക്കുകയും അപഥ്യം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.

-Dr. Greeshma K

20/06/2021

Joint മായി സംബന്ധിച്ച എല്ലാ അസുഖങ്ങളെയും ആർത്രൈറ്റിസ് എന്ന ഗണത്തിൽ പെടുത്താം. ആർത്രോ (Arthro) എന്നാൽ joint എന്നും ഐറ്റിസ് (-itis) എന്നാൽ inflammation എന്നുമാണ് അർത്ഥമാക്കുന്നത്.

Osteoarthritis, Rheumatoid arthritis, Gout, Septic arthritis തുടങ്ങിയവ അതിൽ ചിലത് ആണ്.

എതൊരു ലക്ഷണങ്ങളെക്കാളും ഉപരി, വേദന ( Pain) എന്ന ശത്രു നമ്മളുടെ ദൈനംദിനപ്രവർത്തിയേയും അന്നത്തിനുവേണ്ടിയുള്ള ജോലിയേലും തടസ്സപ്പെടുത്താൻ തുടങ്ങുമ്പോൾ മാത്രമാണ് നമ്മളേവരും Doctor ന്റെ മുന്നിൽ എത്തുന്നത്. അല്ലെ ?

അപ്പോൾ അതിന്റെ കഠിന്യതയ്ക്കും കാലപഴക്കത്തിനും രോഗിയ്ക്കും അനുസരിച്ച്‌ ചികിത്സയും സംങ്കീർണമായി മാറുന്നു.

വേദന തുടങ്ങുമ്പോൾ തന്നെ ആ കാരണത്തെ മനസിലാക്കി, അതു ഒഴിവാക്കി മുന്നോട്ടു പോവുകയാണെങ്കിൽ ഇതൊരു പരിധിവരെ മാറ്റാൻ നമ്മൾക്ക് സാദ്ധിക്കും.

ഇപ്പോൾ പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ സർവ സാധാരണയായി കാണുന്ന സന്ധിരോഗമാണ് Osteoarthritis. ഇത് സന്ധിയിലെ തേയ്മാനത്തെ സൂചിപ്പിക്കുന്നു.

സന്ധികളിലെ ആവരണമായ തരുണാസ്ഥിയ്ക്ക് ( Cartilage ന്) കട്ടികുറയുമ്പോൾ ആണ് തേയ്മാനം ഉണ്ടാകുന്നത്.

ശരീരഭാരം കൂടുതലായി താങ്ങേണ്ടിവരുന്ന കാൽമുട്ട്, ഇടുപ്പിലെ സന്ധി തുടങ്ങിയ സന്ധികളിൽ ആണ് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. കൂടാതെ നാട്ടെല്ലിലെയും കൈകളിലേയും കാലുകളിലെയും സന്ധികളെയും ഇതു ബാധിക്കാം.

മുൻകാലങ്ങളിൽ 60 വയസിനുമുകളിൽ ഉള്ളവരെ മാത്രം ഉപദ്രവിച്ചുകൊണ്ടിരുന്ന osteoarthritis പോലെയുള്ള സന്ധിരോഗങ്ങൾ ഇപ്പോൾ മാറുന്ന ലോകത്തെ ജീവിതശൈലിയും ആഹാരരീതിയും വ്യായാമം കുറവും അമിതവണ്ണത്തിലേക്ക് നയിക്കുന്നത് കൊണ്ട് യൗവനാവസ്ഥയിൽ തന്നെ ആളുകൾ സന്ധിവേദനകളുടെ നടുവിൽ പെട്ടുപോവുന്നത് കാണാം.

അമിതമായ ശരീരഭാരത്താൽ കാൽമുട്ട്, ഇടുപ്പ് തുടങ്ങിയ സന്ധികൾക്ക് ഭാരം താങ്ങാൻ ആവാതെ തേയ്മാനം സംഭവിക്കുന്നു.

കാൽമുട്ടിൽ ഉണ്ടാവുന്ന Osteoarthritis നോക്കുകയാണെങ്കിൽ, പ്രാരംഭഘട്ടത്തിൽ വൈകുന്നേരങ്ങളിൽ ഉണ്ടാവുന്ന സന്ധിവേദന, rest എടുക്കുമ്പോൾ വേദനയിൽ ചെറിയൊരു ആശ്വാസം, പടി കയറി ഇറങ്ങിയാൽ ഉള്ള കലശലായ വേദന, ടോയ്‌ലറ്റിൽ ഇരിക്കാൻ മുട്ടുമടക്കുമ്പോൾ ഉണ്ടാവുന്ന വേദനയും വലിച്ചിലും തുടങ്ങിയ ലക്ഷണങ്ങൾ ആണ് കണ്ടുവരുന്നത്. അവിടെ കൃത്യമായ ചികിത്സയോ വിശ്രമവോ ഇല്ലാതെ, ലക്ഷണങ്ങളെ അവഗണിച്ചു മുന്നോട്ടു പോവുമ്പോൾ അടുത്ത ഘട്ടത്തിൽ തീവ്രമായ വേദന, നീർക്കെട്ട് മുതലായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. സ്വന്തം ആരോഗ്യസ്ഥിതിയെ അവഗണിച്ച് വീണ്ടും മുന്നോട്ട് പോകുമ്പോൾ രോഗതീവ്രതയുടെ ഉപദ്രവലക്ഷണങ്ങളും കണ്ടുതുടങ്ങുന്നു. കാൽമുട്ട് വളയുക, സന്ധിയുടെ ചലനങ്ങളിലെ വഴക്കകുറവ് ഇവ അനുഭവപ്പെട്ടു തുടങ്ങുന്നു. ലഘുചികിത്സയിലൂടെയോ വിശ്രമത്തിലൂടെയോ മറ്റോ മാറ്റാൻ സാധിക്കുമായിരുന്ന പ്രാരംഭഘട്ടത്തെ ഉപദ്രവവ്യാധികളിലേക്ക് എത്തിക്കാതിരിക്കാൻ ആണ് നിങ്ങൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വാസമുള്ള ഏതു ആരോഗ്യമേഖലയും ആയികൊള്ളട്ടെ ( Modern medicine, Homeo, Ayurveda, Siddha, Yunani etc) , പ്രാരംഭഘട്ടത്തിൽ തന്നെ ഒരു registered Practitioner നെ Consult ചെയ്ത് ചികിത്സാനിർദ്ദേശം തേടേണ്ടതാണ്.
കൃത്യമായചികിത്സയ്ക്കൊപ്പം ഉള്ള അമിതശരീരഭാരം കുറയ്ക്കൽ, കൃത്യമായ പേശി വ്യായാമം, ഫിസിയോതെറാപ്പി എന്നിവ രോഗശമനം വേഗത്തിൽ ആവാൻ സഹായകമാവുന്നു.
മുട്ട് മാറ്റിവെക്കൽ എന്ന ശാസ്ത്രക്രിയ, arthritis ന്റെ അവസാന ഘട്ടത്തിൽ ചെയ്യുന്നചികിത്സമാത്രമാണ്. ഇവിടെ തേയ്മാനം സംഭവിച്ച cartilage പ്രതലം മാറ്റിവെക്കലിലൂടെ ജീവിതനിലവാരം ഉയർത്തുകയാണ് ചെയ്യുന്നത്.

ഇനി നിത്യജീവിതത്തിൽ വെല്ലുവിളിയാവുന്ന മറ്റൊരു ആർത്രൈറ്റിസ് രോഗം ആണ് Rheumatoid Arthritis. ഇതിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ( Immune system) ശരീരത്തിനെതിരെ തിരിയുകയാണ് ചെയ്യുന്നത്. അതായത് Rheumatoid arthritis ഒരു auto immune disease ആണ്. ഇത് ശരീരത്തിലെ ഒന്നിലധികം സന്ധികളെ ബാധിക്കുന്നു. Osteoarthritis നു വിപരീതമായി രണ്ടുവശത്തെയും സന്ധികളിൽ ഒരേസമയം ഒരുപോലെ വേദനയും നീരും പ്രത്യക്ഷപ്പെടുന്നു. കാൽ വിരലുകളിലെയൊക്കെയുള്ള ചെറിയ സന്ധികളിലാണ് ആദ്യം ഇതു പ്രകടമാവുന്നത്. Osteoarthritis ന്റെ കാര്യം നോക്കുകയാണെങ്കിൽ ഒരു മുട്ടിനുവന്നാൽ മറ്റേ വശത്തു വരണമെന്നു ഒരു നിർബന്ധവും ഇല്ല.

Rheumatoid arthritis പ്രാരംഭഘട്ടത്തിൽ ചികിത്സയെടുക്കാതെ തുടരുമ്പോൾ, ഒരു പരിധികഴിഞ്ഞാൽ സന്ധികൾ ഉറച്ചുപോവാനും സന്ധികൾ വളഞ്ഞ്‌ revesible അല്ലാത്ത deformity ഉണ്ടാവാനും, അതുവഴി സന്ധികളിലെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

സന്ധികളിലെ തീവ്രമായ വേദന, നീർവീക്കം, സന്ധികൾക്കു ചുറ്റുമുള്ള ചൂട്, ചർമ്മത്തിന് ചുവപ്പ് നിറം, രാവിലെ എഴുനേൽക്കുമ്പോൾ സന്ധികൾ ഉറച്ച് ചലിക്കാൻ ആവാതെ ഇരിക്കുക ( Morning stifness), ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങുമ്പോളും കുറച്ച്‌ സമയം കഴിയുമ്പോളും morning stiffness കുറഞ്ഞുവരിക, സന്ധികളുടെ ചലനശേഷി കുറയുക തുടങ്ങിയവയാണ് Rheumatoid arthritis ലക്ഷണങ്ങൾ ആയി സാധാരണയായി കണ്ടുവരുന്നത്.

Arhritis ൽ മറ്റൊരു വില്ലനാണ് Gout. അനാരോഗ്യമായ ഭക്ഷണ ശീലം, അമിതമായ മദ്യപാനം തുടങ്ങിയവ Gouty arthritis നു കാരണമായി മാറുന്നു. ഇവിടെ സന്ധികളിൽ urate, uric acid crystals അടിഞ്ഞു കൂടുകവഴി inflammation ഉണ്ടാവുന്നു. സന്ധിൾക്ക് ചുവപ്പ്, ചൂട്, തീവ്രവേദന, നീർവീക്കം ഇവ കണ്ടുതുടങ്ങുന്നു.

ഇനി മറ്റൊരു സന്ധിരോഗമാണ് Osteoporosis (അസ്ഥി ബലക്ഷയം). മിക്കവരിലും ഇത് diagnose ചെയ്യപ്പെടുന്നത് വേറെന്തെങ്കിലും ആവശ്യത്തിനായി X-ray എടുക്കുമ്പോൾ ആണ്. വെയിൽകൊള്ളാതെയുള്ള ഇന്നത്തെ ജീവിതരീതി കൊണ്ടും വ്യായാമ കുറവ് കൊണ്ടും ഉണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളിൽ പെടുത്താവുന്നത് തന്നെയാണ് ഇതും. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചർമ്മം ഉത്പാദിപ്പിക്കുന്ന 'വിറ്റാമിൻ ഡി' അസ്ഥികളുടെ ഉറപ്പിനും സാന്ദ്രതയ്ക്കും വളരെ അത്യാവശ്യം ആണ്.

ഇനി ആയുർവേദത്തിലേക്ക് വരാം.

ആയുർവേദത്തിൽ സന്ധിരോഗങ്ങളായി വാതശോണിതം അഥവാ വാതരക്തം, സന്ധിഗത വാതം, ആമവാതം തുടങ്ങിയവ പറയപ്പെട്ടിട്ടുണ്ട്.

വാതരക്തത്തിലെയും ആമവാതത്തിലെയും കുറെയേറെ ലക്ഷണങ്ങൾ Gouty arthritis ലും Rheumatoid arthritis ലും കാണാൻ സാധിക്കുന്നതാണ്.
Osteoarthritis ലക്ഷണങ്ങളുമായി കുടുതൽ അടുത്ത് നിൽക്കുന്നത് ആയുർവേദത്തിൽ പറഞ്ഞിട്ടുള്ള സന്ധിഗതവാതം ആണ്.
കൃത്യമല്ലാത്ത ആഹാരവിഹാരങ്ങളും മാനസികസമ്മർദ്ദം, വീഴ്ചകൾ തുടങ്ങിയവ പലതരത്തിൽ ഉള്ള സന്ധിരോഗങ്ങൾക്ക് കാരണമാവുന്നു.
അതിന്റെ ലക്ഷണങ്ങൾ, ഏതു ദോഷദുഷ്ടിയാണ് സംഭവിച്ചത്, ഏതു സന്ധിയെ ആണ് ബാധിച്ചത് , ഏതു ധാതുവിനെ ആണ് ബാധിച്ചത് എന്നും രോഗിയുടെ ബലം എന്നിവയ്ക്ക് അനുസരിസിച്ചുമായിരിക്കും.
അതുകൊണ്ടുതന്നെ അതിന്റെ ആയുർവേദ ചികിത്സയും ഓരോ വ്യക്തിയിലും പലതരത്തിൽ ആയിരിക്കും.
ഉദാഹരണത്തിന്, രണ്ടുപേർക്ക് ഒരേ ലക്ഷണങ്ങൾ ആണെങ്കിൽ കൂടെ ചികിത്സ രണ്ടുപേർക്കും ഒരുപോലെ ആവില്ല. അത് നേരത്തെ പറഞ്ഞപോലെ രോഗിയുടെ ബലം, ദഹനശക്തി, രോഗകാരണം എന്നിവയ്ക്കു അനുസരിച്ചാണ്.
ഔഷധങ്ങൾ ഉള്ളിൽ കൊടുക്കുന്നത് കൂടാതെ രോഗിരോഗ അവസ്ഥയ്ക്ക് അനുസരിച്ചു പഞ്ചകർമ്മ തുടങ്ങിയ ബാഹ്യചികിത്സകളും ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. അന്തരികവും ബാഹ്യവുമായ ചികിത്സകൾ കൃത്യമായ വൈദ്യനിർദ്ദേശത്തിൽ സമന്വയിക്കുമ്പോൾ ഇത്തരം സന്ധിരോഗങ്ങളിൽ രോഗികൾക്കു രോഗമുക്തി ഉണ്ടാകുന്നു.
ഇതുകൂടാതെ അഗ്നികർമ്മ ചികിത്സ, ജലൂകാവചരണം തുടങ്ങിയ രക്തമോക്ഷണ ചികിത്സകളും ആയുർവേദത്തിൽ ഉണ്ട്.
എല്ലാ സന്ധിരോഗങ്ങളിലും വേദനകളിലും എണ്ണയുടെ ഉപയോഗം ഗുണം ചെയ്യില്ല എന്നു മാത്രമല്ല വേദന കൂടാനും കാരണമാവുന്നു. എണ്ണ എല്ലാ സന്ധിരോഗത്തിനും ഗുണപ്രദമാണ് എന്ന ഒരു തെറ്റിദ്ധാരണ ചിലരിലെങ്കിലും ഉണ്ടാവും.

വൈദ്യനിർദ്ദേശമില്ലാതെയുള്ള സ്വയം ചികിത്സയുടെ അപകടാവസ്ഥ നിങ്ങൾ തീർച്ചയായും മനസിലാക്കണം.

ആരോഗ്യപൂർണമായ നല്ലൊരു നാളേക്ക് വേണ്ടി ഓരോരുത്തരും തങ്ങളുടെ ശരീരത്തെ പരിപാലിക്കണം.

12/06/2021

കോവിഡാനന്തര ലക്ഷണങ്ങളിൽ ആയുർവേദസമീപനം

കോവിഡ് പോസിറ്റീവ് ആയി, അതിന്റെ തീവ്രതയനുഭവിച്ച്‌ ശേഷം കോവിഡ് നെഗറ്റീവ് ആയി വന്നവരിൽ മിക്കവരിലും ഉള്ള ഒരു തെറ്റിദ്ധാരണയാണ്; "ഇനി അധികം ശ്രദ്ധിച്ചില്ലെങ്കിലും വലിയ പ്രശ്നമൊന്നുമില്ല. ഒരിക്കൽ വന്നു പോയാൽ ഇനി വരില്ല. ഇനി ട്രീറ്റ്മെന്റ് ആവശ്യമില്ല. ഇനി ഇഷ്ടമുള്ളത് എന്തും കഴിക്കാം. " എന്നൊക്കെ.

അങ്ങനെ ഒരു ധാരണ നിങ്ങൾക്കും ഉണ്ടോ?

കോവിഡാനന്തരം നിങ്ങൾ സുരക്ഷിതരായോ ?

കോവിഡാനന്തരം ശരീരപരിപാലനത്തിന്റെ ആവശ്യകതയില്ലേ?

കോവിഡ് 19 എന്ന മഹാമാരിയുടെ തീവ്രത അനുഭവിച്ചവർ (അതായത്, moderate to severe ലക്ഷണങ്ങളിലൂടെ കടന്നുപോയവർ ), കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയതിനുശേഷവും ശരീരപരിപാലനത്തിൽ നല്ലപോലെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

കോവിഡാനന്തരം മിക്കവരിലും ശ്വാസകോശസംബന്ധമായ രോഗ ലക്ഷണങ്ങൾ തുടർന്നും കണ്ടുവരുന്നുണ്ട്.

വരണ്ട ചുമ, നടക്കുമ്പോൾ ക്ഷീണം, സ്റ്റെപ്പുകയറുമ്പോളും നടക്കുമ്പോളും ഉള്ള കിതപ്പ്, ശ്വാസതടസം, ശ്വാസം കിട്ടാതെ വരിക എന്നിവ അതിൽ ചിലതാണ്.

കൂടാതെ, ഉറക്കം തൂങ്ങൽ, ഓർമ കുറവ്, ശ്രദ്ധ കുറവ്, അമിതമായ ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, ശരീര വേദന, ത്വക്‌രോഗങ്ങൾ, തലവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.

ഈ കാലയളവിൽ ആയുർവേദചികിത്സയുടെ ഇടപെടൽ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും പൂർണ്ണമായി ഭേദപ്പെടുത്താനും സഹായിക്കുന്നു.

കോവിഡാനന്തരം കൃത്യമായ ശരീരപരിപാലനം ഇല്ലാത്തവരിൽ, ഈ ലക്ഷണങ്ങൾ ഹൃദയ വൃക്ക കരൾ രോഗലക്ഷണങ്ങളിലേക്ക് നയിക്കപ്പെടുന്നു.

മറ്റു ചികിത്സ രീതികളെ കുറച്ചു കാണുകയോ താഴ്ത്തികേട്ടുകയോ അല്ല, മറിച്ചു, അതിന്റെ കൂടെ തന്നെ ഇവിടെ ആയുർവേദത്തിന്റെ പ്രസക്തികൂടെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

ആയുർവേദ ചികിത്സയിൽ ഔഷധങ്ങളുടെ കൂടെ തന്നെ ആഹാര രീതികളിലും ജീവിതചര്യകളിലും (Life style modification) ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്.

കോവിഡിനു ശേഷം താറുമാറായ ദഹനശക്തിയെ ലഘുവായ ഭക്ഷണരീതിയിലൂടെയും ശരീരബലത്തിനനുസരിച്ചുള്ള യോഗ, പ്രാണായാമം തുടങ്ങിയവയിലൂടെയും രോഗിയുടെയും രോഗത്തിന്റെയും ബലത്തിനു അനുസരിച്ചുള്ള ഔഷധങ്ങളിലൂടെയും തിരിച്ച്‌ പൂർവ്വ സ്‌ഥിതിയിൽ എത്തിയ്ക്കാൻ ( അതായത് ശരിയായ ദഹനശക്തി വീണ്ടെടുക്കാൻ ) ആയുർവേദ ചികിത്സയിലൂടെ സാധിക്കുന്നതാണ്.

ഇതുകൂടാതെ തന്നെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തിയെ കൃത്യമായി ക്രമപ്പെടുത്താനും കോവിഡാനന്തരം ഉണ്ടാകുന്ന രോഗലക്ഷണങ്ങളെ ചികിത്സിക്കാനുമുള്ള കൃത്യമായ ഔഷധങ്ങൾ ആയുർവേദത്തിൽ ഉണ്ട്. അതു ഓരോ വ്യക്തിയ്ക്കും അയാളുടെ അവസ്ഥയ്ക്കും ദഹനശക്തിയ്ക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

ഇങ്ങനെയുള്ള കൃത്യമായ ആയുർവേദചികിത്സയിലൂടെ ഇത്തരം ലക്ഷണങ്ങൾ, ജീവനെ തന്നെ ബാധിക്കുന്ന തീവ്രതയേറിയ ലക്ഷണങ്ങളിലേക്ക് വഴിമാറുന്നത്‌ ഒരു പരിധിവരെ തടയാൻ സാധിക്കും.

കൂടാതെ, രോഗലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവ് ആയവരിലും, രോഗം മൂർച്ഛിക്കാതെ ( mild to moderate Symptoms ) പോസിറ്റീവ് ആയവരിലും ജീവനപായമാകുന്ന തീവ്രലക്ഷണ (severe symptoms ) ങ്ങളിലേക്ക് കൊണ്ടെത്തിക്കാതിരിക്കാൻ ആയുർവേദചികിത്സയ്ക്ക് സാധിക്കും.

ഇപ്പോൾ ഇതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയുള്ള ആയുർവേദത്തിന്റെ അഞ്ചിലേറെ പദ്ധതികൾ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം, പുനർജനി തുടങ്ങിയവയാണിവ.

കോവിഡ് മാറിയതിനു ശേഷമുള്ള ബുദ്ധിമുട്ടുകളെ ചെറുതായോ താത്കാലികമായോ കാണാതെ ഇത്തരം അവസരങ്ങൾ ശരിയായ രീതിയിൽ നമ്മൾ ഓരോരുത്തരും ഉപയോഗിക്കണം .

- Dr. ഗ്രീഷ്മ കെ

05/06/2021

ഇനി വീടിനുപുറത്തിറങ്ങാതെ തന്നെ ഡോക്ടറെ കാണാം. ഓൺലൈൻ കൺസൾട്ടേഷൻ വഴി ഡോക്ടറുടെ സേവനം ഈസിയായി നേടൂ... സെയിഫായി വീട്ടിലിരിക്കൂ!

Want your business to be the top-listed Beauty Salon in Bangalore?
Click here to claim your Sponsored Listing.

Category

Website

Address


Arekare
Bangalore
.

Opening Hours

Monday 11am - 8pm
Tuesday 11am - 8pm
Wednesday 11am - 8pm
Thursday 11am - 8pm
Friday 11am - 8pm
Saturday 11am - 8pm
Sunday 11am - 8pm