Dhivya sandhasam.

Dhivya sandhasam.

Share

Spiritual��

09/12/2025

🙏 തത്ത്വമസി ,🙏
❤️ ഉദാഹരണം 5 ❤️🌅 ഭാഗം 2🌅
🌄മണ്ഡലകാലവ്രതം 22 ആം ദിവസം🌄
അഞ്ചാമത്തെ ഉദാഹരണത്തിൽ ഒന്നാമത്തെ പരാമർശമായി നമ്മൾ കണ്ടത്, "ഗാന്ധാര ദേശത്തു നിന്നും കള്ളന്മാർ കണ്ണുകെട്ടി വിദേശത്തു കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഒരുവനെയാണ്" .
ഗാന്ധാര ദേശത്തെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ ഓർമ്മയിൽ വരുന്നത് മഹാഭാരതത്തിൽ പ്രസിദ്ധ ആയിരിക്കുന്ന ഗാന്ധാരിയെ ആണ്. ഗാന്ധാരി അന്ധയായിരുന്നില്ല എങ്കിലും, അന്ധനായ ഭർത്താവിനോടുള്ള അമിതമായ അനുരാഗത്താൽ സ്വന്തം കണ്ണ് സ്വയമേ കറുത്ത തുണികൊണ്ട് മൂടികെട്ടി നടന്നവളാണ്.
എങ്കിലും, ആന്തരികമായി ധാർമികതയുടെ തിളക്കം ഗാന്ധാരിയിൽ ഉണ്ടായിരുന്നു.
കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുമ്പ്
മാതാവിൻറെ അനുഗ്രഹത്തിനു വേണ്ടി ദുര്യോധനൻ ഗാന്ധാരിയെ സമീപിക്കുമ്പോൾ, "മകനെ വിജയശ്രീ ലാളിതനായി വരിക" എന്നല്ല ഗാന്ധാരി പറഞ്ഞത്. ദുര്യോധനനെ പോലെ ഉള്ള ഒരുവൻ ഒരിക്കലും കേൾക്കുവാൻ ആഗ്രഹിക്കാത്ത പ്രതികരണമായിരുന്നു
ഗാന്ധാരിയിൽ നിന്നും ഉണ്ടായത്,
"മകനെ, ധർമ്മം എവിടെയോ അവിടെ ജയവും ഉണ്ടാകും".
ഇത് ദുര്യോധനെ നിരാശപ്പെടുത്തുന്ന ഒരു പ്രതികരണം ആയിപ്പോയി.
ഗാന്ധാരിയുടെ ഭർത്താവ് ധൃതരാഷ്ട്രർ
ലൗകികമായി അന്ധൻ ആണെങ്കിലും,
അതിൽ ഉപരി ഇത് ഒരു വേദശാസ്ത്ര ശാഖ എന്ന കാഴ്ചപ്പാടിൽ " ധർമഗ്ലാനി സംഭവിച്ച ഭരണാധികാരി"യുടെ പ്രതീകം കൂടിയാണ്.
പിതാവായ വേദവ്യാസൻ ധൃതരാഷ്ട്രരെ സമീപിച്ച് സർവ്വനാശം വിതയ്ക്കുന്ന ഈ യുദ്ധം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതാണെങ്കിലും, ( മാമകാ:)
സ്വന്തം മക്കളോടുള്ള വാത്സല്യം അങ്ങനെയൊരു തീരുമാനമെടുക്കുവാൻ ധൃതരാഷ്ട്രരെ അനുവദിച്ചില്ല.
ഭഗവത്ഗീതയുടെ ആദ്യ ശ്ലോകത്തിൽ തന്നെ ധൃതരാഷ്ട്രരുടെ "എൻ്റെ" ( മാമകാ:)
എന്ന പ്രയോഗം വരുന്നുണ്ട്.
"എന്റെ" എന്ന ചിന്ത തന്നെയാണ് വ്യക്തികൾ തമ്മിൽ മുതൽ രാജ്യങ്ങൾ തമ്മിൽ വരെയുള്ള ചേരിതിരിവുകൾക്കും യുദ്ധങ്ങൾക്കും
അടിസ്ഥാന കാരണമാകുന്നത്.
ഇത് ഏത് മേഖലകളിലും അതാതിന്റെ വ്യാപ്തി അനുസരിച്ചുള്ള പ്രതികൂല സാഹചര്യങ്ങളെ സൃഷ്ടിക്കും.
അതുകൊണ്ടാണ് ഗീതയിൽ പറയുന്നത്,
" അവനവൻ തന്നെ അവനവൻറെ ശത്രു" എന്ന്.
സ്വന്തമായി കണ്ണു മൂടിക്കെട്ടി നടന്ന ഗാന്ധാരിയെ പോലെയാണ് , ഈ ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്ന മേധാവിയായിരുന്നിട്ടും അന്ധനെപ്പോലെ ലൗകികത്തിൽ
ബദ്ധനായി കഴിയുന്ന
ജീവൻ.
ജീവൻ എന്നു പറയുന്നത് ആത്മാവിൽ നിന്ന് തന്നെ ആഭാസിതമായി വരുന്നതാണെങ്കിലും ശരീരം ജഡമായിരിക്കുകയാൽ ജഡതാദാത്മ്യം ഉണ്ടായി ഇഹലോകത്തിൽ അന്ധനായി ജീവിക്കുന്നു.
ആത്മാവാണ് ഒരുവൻ്റെ സ്വദേശം . ആ സ്വരാജ്യത്ത് നിന്നും കണ്ണുകെട്ടി വിദേശത്ത് കൊണ്ടുവിടുന്ന കള്ളന്മാർ ആരാണ്?
ഈ ഉദാഹരണത്തിലെ ഏറ്റവും ശ്രദ്ധേയമായ പരാമർശമാണ് ഇത്.
ആത്മബോധം ഉറങ്ങിക്കിടക്കുന്ന സമയത്ത് കാമം ഉളവായി ജീവൻ കർമ്മവശഗനായി തീരുന്നതുകൊണ്ടാണ്
കർമ്മം ഒരുവനിൽ പുറം വാതിലിൽ കൂടി
കള്ളനെപ്പോലെ പ്രവേശിക്കുന്നത്.
യേശുക്രിസ്തു പറഞ്ഞു, ആട്ടിൻ തൊഴുത്തിന്റെ പിൻവാതിൽ കൂടി കടക്കുന്നവൻ കള്ളനും കവർച്ചക്കാരനും ആണ്. അവൻ വരുന്നത് അറപ്പാനും മുടിപ്പാനും ആണ്" എന്ന്.
ആത്മപ്രകാശത്തെ മോഷ്ടിച്ചെടുത്ത് അതിൽ കള്ളം കൊണ്ട് നിറയ്ക്കുന്നവനാണ് കള്ളൻ.
ഈ കർമ്മം കൊണ്ട് ബദ്ധനാകുക എന്നു പറഞ്ഞാൽ "ആത്മ സ്വരൂപത്തെ
അജ്ഞാനം കൊണ്ട് മറയ്ക്കുക" എന്നർത്ഥം.
ഉദാഹരണത്തിന്, ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ പറയുന്നു,
" ആ വൃക്ഷഫലം കാണ്മാൻ ഭംഗിയുള്ളത്,
തിന്മാൻ രുചിയുള്ളത് എന്ന് "സ്ത്രീ" കണ്ടു ; പറിച്ച് ഭക്ഷിച്ചു"
ഇവിടെ സ്ത്രീ എന്നു പറഞ്ഞിരിക്കുന്നത്
ആകെ പ്രകൃതിയുടെ ഭാഗം ആയിരിക്കുന്ന സ്തൂലശരീരത്തെയും സൂക്ഷ്മശരീരത്തെയും ആണ്.
വൃക്ഷം എന്നു പറയുന്നത് വിശ്വത്തിന്റെ പ്രതീകവും , ഫലം എന്ന് പറയുന്നത്
5 ഇന്ദ്രിയ വിഷയങ്ങളുമാണ്.
" കാണ്മാൻ ഭംഗിയുള്ളത് , തിന്മാൻ രുചിയുള്ളത്" എന്നത് ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവിലെ(ആത്മാവിലെ) അനുഭവങ്ങളാണ്.
അത് ജഡതാദാത്മ്യം പ്രാപിച്ചപ്പോൾ
അറിവിലെ അനുഭവങ്ങൾ വിഷയങ്ങളിൽ ഇരിക്കുന്നു എന്ന തെറ്റായ അറിവ് (അജ്ഞാനം)
കാർമേഘം സൂര്യനെ മറയ്ക്കുന്നതുപോലെ ആത്മസ്വരൂപത്തെ(പരമാർത്ഥ സത്യത്തെ) മറച്ചു കളഞ്ഞു.
ഇതിനെയാണ് ഇവിടെ ഒരുവനെ കണ്ണ് കെട്ടിയവനെ പോലെ ആക്കുന്നത്.
(പറുദീസായിൽ നിന്നും (സ്വരാജ്യത്ത് നിന്നും) തള്ളപ്പെട്ടു എന്നും പറയുന്നു)
ആത്മാവാണ് ഒരുവൻ്റെ സ്വരാജ്യം.
ആത്മബോധത്തിൽ നിന്നും അനാത്മ താദാത്മ്യത്തിലേക്ക് പോകുന്നതാണ്
വിദേശവാസം. "പോ സാത്താനെ, നീ എനിക്ക് ഇടർച്ചയാകുന്നു; നീ ലോകത്തിൻറെതാണ് കാണുന്നത് ,ദൈവത്തിൻറെത് അല്ല" എന്നും, ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിൽക്കുന്നു" എന്നും യേശുക്രിസ്തു പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്.
എല്ലാവരും ആത്മാവിനെ സർവ്വോപരി
സ്നേഹിക്കുന്നതുമൂലം അറിഞ്ഞുകൊണ്ട് അതിനെ വിട്ടു പോകുകയില്ല. അതുകൊണ്ട് കർമ്മ വാസനയുള്ള കള്ളന്മാർ ജീവനെ ബലാൽക്കാരമായി പിടിച്ച് തനിക്ക് തീരെ അപരിചിതമായ വിജനത്തിൽ കൊണ്ടുപോകുന്നു.
താൻ സച്ചിദാനന്ദസ്വരൂപം ആണെന്ന് തിരിച്ചറിയാതെ പ്രകൃതി ഗുണങ്ങൾ ആയിരിക്കുന്ന സത്വരജസ്തമോ ഗുണങ്ങളുടെ വലയിൽ അകപ്പെടുന്നു. വലയിൽ അകപ്പെട്ട മാനിനെപ്പോലെ ഭയപ്പെടുന്നു കേഴുന്നു നിലവിളിക്കുന്നു.
ആ മാൻ രക്ഷപ്പെടണമെങ്കിൽ ആരെങ്കിലും ആ വല കീറിമുറിച്ച് അതിൽ നിന്നും രക്ഷപ്പെടുത്തണം.
അപ്രകാരം ഉള്ള ഒരാൾക്ക് വിവേകം തിരികെ ലഭിക്കുന്നതിന് ആത്മാവിൽ തോന്നിയ ഭ്രാന്തി തടസ്സമായിരിക്കുന്നു
എന്ന് കാണിക്കുവാൻ അവൻ നാല് ദിക്കിലേക്കും നോക്കി വിലപിച്ച് നിലവിളിക്കുന്നതായി പറഞ്ഞിരിക്കുന്നു.
അങ്ങനെയുള്ള ഒരുവന്റെ വിലാപവും ചിന്തയും അന്വേഷകന്റെ നിലവിളിയിൽ ഒരുപോലെ നിക്ഷിപ്തമാക്കിയിരിക്കുന്നു.
സ്വരാജ്യം വിട്ടു പോരുവാൻ ഇടയായതോർത്ത് വിലപിക്കുന്നു.
കലുഷിതമായ മനസ്സിൻറെ സമാധാനമില്ലാത്ത അവസ്ഥ.
അവൻ സ്വരാജ്യത്ത് എന്നെങ്കിലും എത്തിച്ചേരുവാൻ കഴിയുമോ എന്ന് ആകാംക്ഷാഭരിതനായി തീർന്നിരിക്കുന്നു.
ഗാന്ധാരനിൽ നിന്നും മുഴങ്ങി കേൾക്കുന്ന നിലവിളി വിലാപത്തിന്റെയും ചിന്തയുടെയും ഇടയിൽ നിന്നുകൊണ്ടാണ്.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.
എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു. ഈ ദുരിത കയത്തിൽ നിന്നും
എന്നെ ആർ കരകയറ്റും.
നമ്മൾ വിലാപങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നത് ഉരല് മദ്ദളത്തെ സമീപിച്ച് സങ്കടം ബോധിപ്പിക്കുന്നതുപോലെയാണ്.
ഇവിടെ നമുക്ക് അപ്തനായ ഒരു ഗുരുവിനെയാണ് ആവശ്യം.
ശാശ്വതമായ സമാധാനത്തിന്റെ അനുഭൂതിയിലേക്ക് മനസ്സിനെ ഉയർത്തുന്ന ഗുരു .
അടുത്ത ഭാഗത്തിൽ നമുക്ക് ആ ഗുരുവിനെ അന്വേഷിക്കാം.
നിങ്ങൾ വിചാരിക്കും പറഞ്ഞു പറഞ്ഞു
ശ്വേതകേതു നമ്മൾ ആയി എന്ന്.
അതെ നമ്മൾ തന്നെ. ആത്മാവിനെ
(സ്വരാജ്യത്തെ) അന്വേഷിക്കുന്ന മുമുക്ഷുകൾ നമ്മൾ തന്നെ ആകണം.
വേദശാസ്ത്രങ്ങളെ പണ്ടെങ്ങോ നടന്ന സംഭവം പോലെ പഠിക്കുന്നത് കൊണ്ട് നമുക്ക് എന്തു പ്രയോജനം?
വേദശാസ്ത്രങ്ങളിൽ ചിത്രങ്ങളായി പ്രതിഫലിപ്പിക്കുന്നത് നമ്മുടെ ജീവിതം തന്നെ🙏🙏🙏

06/10/2025

ഒരുവൻ നന്മ ചെയ്യുന്നതിനും തിന്മ ചെയ്യുന്നതിനും
പിന്നിൽ വെളിച്ചം ആയിരിക്കുന്നത് അറിവ് ആണ്.
ആ അറിവിനെ എടുത്ത് ഏതിനുവേണ്ടി വിനിയോഗിക്കുന്നുവോ അത് സംഭവിക്കുന്നു.
ദൈവം എന്ന വാക്കിന് പ്രകാശ സ്വരൂപൻ എന്നർത്ഥം.
അതിനെയാണ് ജ്ഞാനസൂര്യൻ എന്നും പറയുന്നത്.
ഏത് ശക്തിക്കും വെളിച്ചം ആയിരിക്കുന്നത്
അറിവ് തന്നെയാണ്.
നൂറു പേർക്ക് ശാരീരികമായ ക്ഷീണം മാറ്റാൻ ചായ ഉണ്ടാക്കപ്പെടുന്നത് അറിവിന്റെ വെളിച്ചത്തിലാണ്.
1000 പേരെ കൊല്ലാൻ ഉള്ള ബോംബ് രൂപപ്പെടുത്തപ്പെടുന്നതും
അറിവിന്റെ വെളിച്ചത്തിൽ തന്നെയാണ്. ( പ്രകൃതിയുടെ ഭാഗം ആയിരിക്കുന്ന ശരീരം ഒരു നിമിത്തം മാത്രം ആകുന്നു)
അതുകൊണ്ടാണ് ബൈബിളിലെ ആവർത്തന പുസ്തകത്തിൽ പറയുന്നത്,
" ഇതാ അനുഗ്രഹവും ശാപവും, ജീവനും മരണവും മുൻപിൽ വെച്ചിരിക്കുന്നു ; നിനക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു കൊള്ളുക "എന്ന്.
കൊല്ലുന്നതും രക്ഷിക്കുന്നതും ഒക്കെ അവരവരുടെ തീരുമാനം ആണ്.
ദൈവം എന്ന ബൃഹത്തായ ആശയത്തിന്
തെറ്റായ ആവിഷ്കരണം നൽകി
വ്യക്തിവത്കരണം നടത്തി അവതരിപ്പിച്ചതാണ് ഇങ്ങനെയുള്ള സംശയങ്ങൾക്കൊക്കെയും കാരണം ആയി തീർന്നത്. (അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനവും ഇതുതന്നെ)
ഗീതയുടെ പതിനെട്ടാം അദ്ധ്യായത്തിൽ 14ാം ശ്ലോകത്തിൽ പറയുന്നുണ്ട്, " നാല് അന്ത:ക്കരണ വൃത്തികളോടൊപ്പം അഞ്ചാമത്തേതായി ദൈവവും കൂടി ഉണ്ട്" എന്ന്.
അടുത്ത ശ്ലോകത്തിൽ പറയുന്നു,
" ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ധർമ്മ്യമായിട്ടോ
അധർമ്മ്യമായിട്ടോ എന്ത് കർമ്മങ്ങളും ചെയ്യുന്നുവോ അതിന് ഈ അഞ്ചും കാരണങ്ങൾ ആകുന്നു"
എന്ന്.
( ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ സൂക്ഷ്മമായി വായിച്ചിട്ട് ചോദിച്ചുകൊള്ളുക )
വേദ ശാസ്ത്രങ്ങളിലെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കി മനനവിഷയം
ആക്കുമ്പോൾ മാത്രമേ അനശ്വരമായ ആത്മീയപൊരുളുകൾ "വെളിവ്"
ആയി കിട്ടുകയുള്ളൂ. വെളിവ് ആക്കി തരുന്നതിനെയാണ് വെളിച്ചം എന്നു പറയുന്നത്. വേദശാസ്ത്രപരമായി വെളിച്ചം എന്ന വാക്കിന്
" പരമാർത്ഥജ്ഞാനം" എന്നർത്ഥം.
എല്ലാറ്റിനെയും ഇത് ഇന്നത് ഇത് ഇന്നത് എന്ന് വെളിവ് ആക്കി തരുന്ന
വെളിവിനെയാണ് പ്രകാശസ്വരൂപൻ എന്ന അർത്ഥം വരുന്ന ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്.
ഒരു വസ്തുവിനെ നോക്കി "ഇത് എന്ത്" എന്ന ചോദ്യം മനസ്സിൽ ഉയരുമ്പോൾ, മനസ്സിന് സ്വയം ഗ്രാഹ്യ ശക്തി ഇല്ലാത്തത് മൂലം മനസ്സ് അന്വേഷകൻ കൂടി ആകുന്നു.
ആ അന്വേഷണത്തിൽ ലഭ്യമാകുന്നത് ആ വസ്തുവിനെ ഇത് ഇന്നത് എന്ന് വെളിവ് ആക്കി തരുന്ന
അറിവിനെയാണ്. ആ അറിവിനെ
ഉള്ളിൽ സ്വരൂപം ആക്കിയിട്ട് വസ്തുവുമായി താദാത്മ്യപ്പെടുത്തി
ഇത് ഇന്നത് എന്ന് വസ്തുവിനെ ചൂണ്ടി പറയുന്ന അറിവിനെ വ്യവഹാരജ്ഞാനം എന്ന് പറയുന്നു.
മനസ്സ് വ്യവഹാരജ്ഞാനത്തിന് അടിമപ്പെടുമ്പോൾ പരമാർത്ഥ ജ്ഞാനത്തെ വിസ്മരിക്കുന്നു.
ഈ വിസ്മരണത്തെയാണ് വേദശാസ്ത്രങ്ങളിൽ മരണം എന്നു പറയുന്നത്.
ഇപ്രകാരം ആത്മാവിനെ അറിയാതെ അനാത്മാവിൽ വ്യാപരിക്കുന്നവരെ ചൂണ്ടിയാണ് യേശുക്രിസ്തു,
" മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ" എന്ന് ഒരവസരത്തിൽ പറഞ്ഞത്.
ഇത് അത്ര പെട്ടെന്ന് മനസ്സിലാകുന്ന വിഷയം അല്ല.
ചിന്തിക്കുക മനനം ചെയ്യുക
അനശ്വരമായ സത്യത്തെ കണ്ടെത്തുക.
" അന്വേഷിപ്പിൻ കണ്ടെത്തും"
എന്ന് യേശുക്രിസ്തു പറഞ്ഞതും ഈ അർത്ഥത്തിലാണ്.

01/10/2025

Denting & Painting ♥️ OK.
ഇത് നടക്കേണ്ടത് മനുഷ്യമനസ്സുകളിൽ ആണ്.
അതിന് ഒരൊറ്റ വഴിയെ ഉള്ളൂ.
🙏തത്ത്വമസി 🙏
ഈ മഹാവാക്യത്തെ മനസ്സിരുത്തി വായിച്ച്
അർത്ഥമറിഞ്ഞ് ചിന്തിച്ച് മനനം ചെയ്ത്
അതിന്റെ സത്ത് എടുത്ത് ഭക്ഷിച്ചാൽ മതി.
ഉദ്ധാലക മഹർഷി മകനും ശിഷ്യനും ആയ ശ്വേതകേതുവിലൂടെ ലോകത്തിന് സംഭാവന ചെയ്തിരിക്കുന്ന ഈ ഭക്ഷണം എട്ട് (8) ഉദാഹരണങ്ങളിലൂടെ ആണ് "വെളിവ്"
ആക്കി തരുന്നത്.
മനസ്സിന്റെ എല്ലാ ചുളുക്കളും കോട്ടങ്ങളും മാറ്റി സംശുദ്ധിയുടെ തിളക്കം ഉണ്ടാകുവാൻ
ഇതിൽപരം മറ്റൊരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാം.
അതോടൊപ്പം തന്നെ പൂജനീയമായ
ഭഗവദ്ഗീത ആരംഭിക്കുന്നതിന് മുൻപുള്ള
10 ശ്ലോകങ്ങൾ ഉൾപ്പെട്ട ഗീതാധ്യാനവും 18 അദ്ധ്യായങ്ങളും കൂടി മേലുദ്ധരിച്ച പ്രകാരം
ഒരു ധ്യാന വിഷയം ആക്കിയാൽ
ഉച്ചനീചത്വവ്യവസ്ഥിതികൾ എല്ലാം അസ്തമിച്ച് സങ്കടനിവാരണം ഉണ്ടായി ആനന്ദതന്തുലിതർ ആകും.
ആ ആനന്ദാനുഭൂതിയിൽ എല്ലാ ഭേദ ചിന്തകളും എരിഞ്ഞടങ്ങി
" സർവ്വം ബ്രഹ്മമയം" എന്ന് ഉൾക്കാഴ്ച കൂടി ഉണ്ടാകും.
അങ്ങനെ വരുമ്പോൾ തന്നിൽ നിന്നും അന്യമായി ഒന്നും തന്നെയില്ല എന്ന ജ്ഞാനസൂര്യോദയം ജീവനെ പുഷ്ടിപ്പെടുത്തി ബുദ്ധിയെ പ്രകാശിപ്പിക്കും.
ആ പ്രകാശത്തിലേക്ക് നമുക്ക് ഉയരാം.
" തമസോ മാ ജ്യോതിർഗമയ:"
എന്ന് പണ്ടത്തെ മഹർഷിശ്വരന്മാരെ പോലെ നമുക്കും പ്രാർത്ഥന അർപ്പിക്കാം.
അപ്പോൾ പിന്നെ ആർക്കും ആരെയും സങ്കടപ്പെടുത്തുവാൻ കഴിയുകയില്ല.
" കിഴക്കോട്ട് ഒഴുകുന്ന നദികളും,
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളും
സമുദ്രത്തിൽ നിന്നും ഉണ്ടായി
സമുദ്രത്തിൽ തന്നെ വിലയം പ്രാപിക്കുന്നു ; വിലയം പ്രാപിച്ചതിനുശേഷം ഞാൻ ഇന്ന നദി, ഞാൻ ഇന്ന നദി എന്ന് അറിയുന്നില്ല.
അതുപോലെ എല്ലാ ഭേദചിന്തകളും
അവസാനിക്കുന്നു.
"മധുപന്മാർ വ്യത്യസ്തമായ വൃക്ഷങ്ങളിൽ നിന്നും, സസ്യങ്ങളിൽ നിന്നും മധു ശേഖരിച്ചു വയ്ക്കുന്നു.
മധു ശേഖരിച്ചു വെച്ച ശേഷം ഞാൻ ഇന്ന വൃക്ഷത്തിലെ മധു, ഇന്ന് സസ്യങ്ങളിലെ മധു എന്ന് അറിയുന്നില്ല"
ഇത് തത്ത്വമസിയിലെ 8 ഉദാഹരണങ്ങളിൽ 2 ഉദാഹരണങ്ങൾ ആണ്. ♥️ ആശംസകൾ❤️
🙏🙏🙏

03/07/2025

ദൈവത്തെ സ്നേഹിക്കണം ദൈവത്തെ സ്നേഹിക്കണം......
Ok എന്താണ് ദൈവം? എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കേണ്ടത്?
ഒന്നിനെ സ്നേഹിക്കണമെങ്കിൽ മറ്റൊന്നിനെ വെറുക്കണമല്ലോ? എന്തിനെയാണ് വെറുക്കേണ്ടത്?
സ്നേഹവും വെറുപ്പും എങ്ങനെയാണ് ഒരുവനിൽ
അനുഭവമായി വരുന്നത്?
അപ്പോൾ വെറുക്കേണ്ടതിനെ വെറുക്കുകയും സ്നേഹിക്കേണ്ടതിനെ സ്നേഹിക്കുകയും ചെയ്യണം.
എന്തിനെയാണ് സ്നേഹിക്കേണ്ടത്?
എന്തിനെയാണ് വെറുക്കേണ്ടത്?
പൗലോസ് ശ്ലീഹാ പറയുന്നു,
"ജഡത്തിന്റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു" ആകുന്നു എന്ന്.
അപ്പോൾ ശത്രുവിനെയാണ് വെറുക്കേണ്ടത്.
ആരാണ് ശത്രു?
അത് ജഡത്തിന്റെ ചിന്തയാണ്.
അപ്പോൾ ആരാണ് മിത്രം ആയിരിക്കേണ്ടത്?
അവനവൻ തന്നെ അവനവന്റെ മിത്രവും, അവനവൻ തന്നെ അവനവന്റെ ശത്രുവും.
ബുദ്ധി ആത്മാവിനോട് ഇണങ്ങി
പ്രകാശിക്കുമ്പോൾ അവനവൻ അവനവന്റെ മിത്രവും, ബുദ്ധി ജഡത്തോട് ഇണങ്ങി പ്രകാശിക്കപ്പെടുമ്പോൾ അവനവൻ തന്നെ അവനവന്റെ ശത്രുവും ആകുന്നു.
അപ്പോൾ ആ ശത്രുവിൽ നിന്നും മോചനം പ്രാപിക്കുവാൻ എന്താണ് ഒരു വഴി?
പൗലോസ് ശ്ലീഹാ പറയുന്നു,
" ആത്മാവിനാൽ ജഡത്തിന്റെ ചിന്തകളെ മരിപ്പിക്കുന്നു എങ്കിലോ
നിങ്ങൾ ജീവിക്കും" എന്ന്.
അതിന്, " ഞാനും പിതാവും ഒന്ന് ആയിരിക്കുന്നതുപോലെ നിങ്ങളും ഒന്ന് ഒന്നായിരിക്കണം" എന്ന യേശുവിന്റെ അവസാന കൽപ്പനയെ അംഗീകരിക്കുന്നവർ ആകണം.
അവരെ യേശു അംഗീകരിക്കും.
ആ അംഗീകാരത്തിൽ, തന്നിൽ നിന്നും അന്യമായി ഒന്നും തന്നെ ഇല്ല,
എന്ന ബോധോദയം ഉണ്ടാകും.
ആ ബോധോദയപ്രകാശത്തിൽ നിന്നും ഉയരുന്ന മനോകാന്തിയിൽ
നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രഭാകിരണങ്ങൾ പ്രപഞ്ചം മുഴുവൻ വ്യാപരിക്കും.
അതാണ് ദൈവസ്നേഹം. ദൈവത്തെ സ്നേഹിക്കുക എന്നു പറയുന്നതും അതുതന്നെ.
♥️God is love♥️( ദൈവം സ്നേഹം ആകുന്നു)
Selflessness love is God & Selfishness
Love is Devil.
അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, " എന്നെക്കാൾ കൂടുതലായി നിന്റെ അപ്പനെയോ അമ്മയെയോ, നിന്റെ സഹോദരനെയോ സഹോദരിയെയോ, കാളയേയോ കലപ്പയേയോ, നിന്റെ വയലിനെയോ
നീ സ്നേഹിക്കുന്നു എങ്കിൽ, നീ എനിക്ക് യോഗ്യനല്ല"എന്ന്.
പൂർണ്ണമായും എന്നെ( ദൈവത്തെ ) സ്നേഹിക്കുന്നവർക്കു മാത്രമേ
നിസ്വാർത്ഥ സ്നേഹം പങ്കുവയ്ക്കുവാൻ കഴിയുകയുള്ളൂ.
അല്ലെങ്കിൽ ജഡവസ്തുവിൽ മനസ്സുടക്കി കാമക്രോധ ലോഭാദികളാൽ ദൈവീകതയിൽ നിന്നും പൈശാചികതയിലേക്ക്
ബന്ധിക്കപ്പെടും.
" നിന്റെ സമ്പത്ത് എവിടെ ഇരിക്കുന്നുവോ അവിടെ നിന്റെ ഹൃദയവും ഇരിക്കും".
ആ ബന്ധനത്തിൽ നിന്നുമുള്ള മോചനമാണ് നിത്യജീവൻ അഥവാ മോക്ഷം🙏🙏🙏

23/05/2025

യേശുക്രിസ്തു പറഞ്ഞു, " മനുഷ്യർ നിങ്ങൾക്ക് എന്ത് ചെയ്യുവാൻ നിങ്ങൾ ഇച്ഛിക്കുന്നുവോ, അതുപോലെ അവർക്കും ചെയ്യുവീൻ ".
ഒരു കർമ്മം ചെയ്യുമ്പോൾ ഞാൻ ഇത് ചെയ്യുന്നത് മറ്റുള്ളവർക്ക് വേണ്ടി അല്ല,
എന്റെ ആത്മസംതൃപ്തിക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന ഉന്നത ഭാവമാണ് ഏറ്റവും വലിയ സംസ്കാരം.
ആത്മാവിന്റെ സ്വഭാവം സർവ്വവ്യാപനം ആണ്. അതുകൊണ്ട്
ആ സംതൃപ്തിയുടെ വിഹിതം എല്ലാവരിലേക്കും പകരുകയും
തൃപ്തിയുടെ അനുഭവത്തിൽ
ആനന്ദതന്തുലിതർ ആകുകയും ചെയ്യും. അതാണ് രാമരാജ്യം.
യേശുക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം.
" ലോകാ സമസ്ത സുഖിനോ ഭവന്തു"
" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ രാജ്യം വരേണമേ.
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ........
ഇത് യേശുക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയാണ്🙏

30/04/2025

" ഈശാവാസ്യമിദം സർവ്വം
യത്കിഞ്ച ജഗത്യാം ജഗത്
തേനാ ത്യക്തേന ഭുഞ്ജീഥ
മാഗൃധ: കസ്യസ്വിദ്ധനം "
( ഈശാവാസ്യോപനിഷത് 1)
അഖില വിശ്വബ്രഹ്മണ്ഡത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ചരാചരവസ്തുക്കളെല്ലാം അവയെല്ലാത്തിന്റെയും സർവ്വാധാരവും സർവ്വനിയന്താവും
സർവ്വാധിപതിയും സർവ്വജ്ഞനും സർവ്വശക്തനും സർവ്വ കല്യാണ സ്വരൂപനും ആയ പരമേശ്വരനാൽ വ്യാപ്തമായിരിക്കുന്നു.
എക്കാലത്തും അദ്ദേഹത്താൽ പരിപൂർണ്ണമാകുന്നു. ( ഗീത 9 :4)
ഇതിന്റെ യാതൊരു ഭാഗവും അദ്ദേഹത്താൽ രഹിതമായിരിക്കുന്നില്ല (ഗീത 10 : 39-42) ഇപ്രകാരം ചിന്തിച്ച് ആ ഈശ്വരനെ നിരന്തരം തന്നോടുകൂടി അധിവസിപ്പിച്ചുകൊണ്ട്, സർവ്വദാ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, ഈ പ്രപഞ്ചത്തിൽ മമതയും ആസക്തിയും ത്യജിച്ച് കർത്തവ്യ പാലനത്തിന് വേണ്ടി മാത്രം വിഷയങ്ങളെ യഥാവിധി ഉപഭോഗം ചെയ്യുവിൻ., അതായത് വിശ്വരൂപിയായ ഈശ്വരന്റെ പൂജയ്ക്ക് വേണ്ടി മാത്രം കർമ്മങ്ങളെ ആചരിക്കുവിൻ. വിഷയങ്ങൾക്ക് അടിമയാകുവാൻ മനസ്സിനെ അനുവദിക്കരുത്. ഇതിൽ നിങ്ങൾക്ക് നിശ്ചയമായും മംഗളം ഉണ്ടാകും.
ഈ ബോധ്യ വസ്തുക്കൾ ആരുടെയും അല്ല. ഇവ പരമേശ്വരന്റെ ആകുന്നു. മനുഷ്യൻ ഭ്രമം മൂലം ഇവയിൽ മമതയും ആസക്തിയും കണ്ടെത്തുന്നു. പരമേശ്വരന്റെ പ്രസന്നതയ്ക്കു വേണ്ടി ഇവയുടെ ഉപയോഗം നടക്കണം. മനുഷ്യർക്കുവേണ്ടി വേദഭഗവാന്റെ പവിത്രോപദേശമാകുന്നു.
( കടപ്പാട് ഡോ. N. P. ഉണ്ണി)
യേശുക്രിസ്തു പറഞ്ഞു, "ഞാൻ സ്വയമായി ഒന്നും പറയുന്നില്ല, ഒന്നും ചെയ്യുന്നുമില്ല, സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ പ്രവർത്തി എന്നിലൂടെ ചെയ്യുന്നു" എന്ന്.

18/04/2025

🙏 ആത്മോപദേശശതകം 🙏
♥️ ശ്ലോകം 8 ♥️ 🎂 Part 6 🎂
ഈ എട്ടാം ശ്ലോകത്തിന് ആരംഭം കുറിച്ചുകൊണ്ട് പറഞ്ഞിരിക്കുന്ന
" ഒളിമുതലാം പഴം അഞ്ചും" ( ശബ്ദം മുതലായ അഞ്ച് വിഷയങ്ങളും )
എന്ന ഭാഗവുമായി ബന്ധപ്പെടുത്തി,
പാതഞ്ജലയോഗസൂത്രത്തിലെ സാധനാ പാദത്തിൽ വരുന്ന 32ാം ശ്ലോകത്തിലെ
5 നിയമങ്ങളിൽ മൂന്നാമതായി വരുന്ന
"തപസ്സ് " എന്ന നിയമത്തെ ആസ്പദമാക്കി 5 ഇന്ദ്രിയവിഷയങ്ങളിൽ
"സ്രോത്രം" "കണ്ണ്" എന്നിവയുടെ വിഷയങ്ങളായ "ശബ്ദം" "രൂപം" എന്നിവയെ കുറിച്ച് കഴിഞ്ഞ ഭാഗങ്ങളിൽ അല്പം ചിന്തകൾ പങ്കുവെച്ചു.
3. "ത്വക്ക്". വിഷയം " സ്പർശം".
നമ്മൾ ഈ ലോകത്തെ അറിയുന്നത് പ്രധാനമായും സ്പർശനത്തിലൂടെ ആണ്. തീ പോലെ വെന്തു പൊരിയുന്നിടത്തും, മഞ്ഞുപോലെ തണുത്തിരിക്കുന്നിടത്തും നമുക്ക് പാർക്കുവാൻ കഴിയുകയില്ല.
ശീതം, ഉഷ്ണം എന്നിവയുടെ ഇടയിൽ സമാനമായുള്ള ഒരു ആനുപാതികതയുണ്ട്. നമുക്ക് സ്വീകാര്യമായി വരുന്നത് അങ്ങനെയുള്ള കാലാവസ്ഥയാണ്. എന്നാൽ പ്രപഞ്ചത്തിൽ എല്ലായിടത്തും ഈ ആനുപാതികത ഉണ്ടായിരിക്കുകയില്ല.
അതുകൊണ്ട് ഒരു അളവു വരെ ശീതോഷ്ണങ്ങളെ സഹിക്കുവാൻ
കഴിയുന്നതായിട്ടുള്ള സമബുദ്ധിയാണ് ഒരു യോഗിയുടെ ലക്ഷണം.
ഇത് കാലാവസ്ഥയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ മനസ്സിന്റെ അവസ്ഥയിലും ബാധകമാണ്.
സാമൂഹിക ബന്ധങ്ങളിൽ, വ്യക്തി ബന്ധങ്ങളിൽ, കുടുംബ ബന്ധങ്ങളിൽ പോലും ചിലരുടെ മനോഭാവം വളരെ തണുപ്പുള്ളതായി കാണുന്നു. ചിലരുടെത് ഹൃദ്യമായ ഊഷ്മളത കാണിക്കുന്നു.
ചിലരാകട്ടെ നിസ്സാര കാര്യങ്ങൾക്കുപോലും വൈകാരികമായി
ചൂടുപിടിച്ച് പെരുമാറുന്നു. അവ സുഖദുഃഖങ്ങളായും രാഗദ്വേഷങ്ങളായും
ഒക്കെ കാണപ്പെടുന്നു.
എന്നാൽ, രാഗദ്വേഷങ്ങൾ ഇല്ലാതെ,
മാനാപമാനങ്ങളെ മനസ്സിൽ പെരുപ്പിച്ചു കാണാതെ, സുഖദുഃഖങ്ങളെ സമമായി കാണുന്നവർക്ക് ശാരീരികമായാലും, മാനസികമായാലും സമമായി കഴിഞ്ഞാൽ അത് സ്പർശന സംബന്ധമായ തപസ്സാണ്.
മനുഷ്യരുടെ ഏറ്റവും വലിയ ശത്രുക്കൾ
ആരാണ് എന്ന് ചോദിച്ചാൽ അത്
അവരവരിൽ തന്നെയുള്ള രാഗദ്വേഷദി ചിന്തകൾ ആണ്. കാമം ക്രോധം ലോഭം
എന്നിവ നരകത്തിലേക്കുള്ള മൂന്ന് വാതിലുകൾ ആണെന്ന് പറയുന്നു. ഇവിടെ നരകം എന്നു പറയുന്നത്, മരണശേഷം ചെന്നെത്തുന്ന ഒരു സ്ഥലമല്ല പിന്നെയോ
നാനാവിധ ഭൗതിക ചിന്തകളാൽ കലുഷിതമായ മനസ്സ് തന്നെയാണ്.
ഇതിനെയാണ് " ഭൂതബാധ "എന്ന് പറയുന്നത്(അഞ്ച് ഇന്ദ്രിയ വിഷയങ്ങളിലുള്ള അമിതാസക്തി).
4. "നാക്ക്" വിഷയം " രസം ".
നമ്മുടെ നാവിന്റെ രസനാശക്തി കൊണ്ടാണ് രുചി അറിയുന്നത്. നാവ് ഇരിക്കുന്നത് വായിൽ ആണെങ്കിലും
രുചിയുള്ള അംശങ്ങൾ ഇരിക്കുന്നത് പാനപേയങ്ങളിലാണ്. അവയെ നാവുകൊണ്ട് സ്പർശിക്കുമ്പോൾ മാത്രം
നാം അറിയുന്നു. ശാരീരികവും മാനസികവും ആയ ഊർജ്ജവും ഉന്മേഷവും നമുക്ക് നൽകുന്നതിന് പല വിഭവങ്ങളും പ്രകൃതി തന്നെ കനിഞ്ഞു നൽകിയിട്ടുണ്ട്. എങ്കിലും നമ്മൾ നമ്മുടെ മനസ്സിൽ തെറ്റായ രുചികൾ ഉണ്ടാക്കിയിട്ട് ശരീരത്തെയും മനസ്സിനെയും കെടുത്തി കളയുന്നു.
ലാഭകൊതിയന്മാർ ആയ ബിസിനസ് കാർ ഒരു ആവശ്യവും ഇല്ലാത്ത സാധനങ്ങൾ ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്ത് കൃത്രിമ രുചി വരുത്തി വിപണിയിൽ ഇറക്കി ആകർഷകമായ പരസ്യങ്ങളിലൂടെ മനുഷ്യരുടെ മനംമയക്കി അത് വാങ്ങി ഭക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നു.
അലസരായി തീർന്ന മനുഷ്യർ ജോലി ലാഭിക്കുവാൻ റെഡിമെയ്ഡ് ഭക്ഷണങ്ങൾക്ക് അടിമപ്പെട്ടു പോകുന്നു.
ശരീരത്തെ രോഗഗ്രസ്തമാക്കുന്നു.
ആഹാരത്തെക്കാൾ കൂടുതൽ പണം മരുന്നിന് ചെലവാക്കുന്നു.
അതുപോലെ മറ്റൊരു രുചിയാണ്,
മദ്യവും മയക്കുമരുന്നും. അവ വ്യക്തിക്കു മാത്രമല്ല, സമൂഹത്തിൽ കൂടി നാശം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിട്ടും
മനുഷ്യൻ ആവൽക്കരമായ ഈ രുചികളിലേക്ക് വീണ്ടും വീണ്ടും പോകുന്നു. ഇന്ന് കലാലയങ്ങളിൽ പോലും മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും കഞ്ചാവിന്റെയും അതിപ്രസരമാണ്. സുബോധം നഷ്ടപ്പെട്ടു കഴിഞ്ഞാൽ അവർ എന്തൊക്കെയാണ് പറയുന്നത് എന്നോ
പ്രവർത്തിക്കുന്നത് എന്നോ അറിയുന്നില്ല. അവർക്ക് യാതൊരു കുറ്റബോധവും ഇല്ല. അതിൽ നിന്നും മോചനം പ്രാപിക്കുന്നതും ഒരു തപസ്യയാണ്. നല്ല ഒരു ഭാവി തലമുറ ഉണ്ടാകണമെങ്കിൽ ആ രുചിയെ ഉപേക്ഷിക്കുവാനുള്ള ഒരു തപസ്സ്
കുട്ടികളിൽ അനിവാര്യമാണ്.
ബൈബിളിലെ സദൃശ്യവാക്യങ്ങൾ 31ാം അദ്ധ്യായം 3 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ പറയുന്നു,
" സ്ത്രീകൾക്ക് നിന്റെ ബലത്തെയും, രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും കൊടുക്കരുത്;
വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് കൊള്ളരുത് രാജാക്കന്മാർക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാർക്ക് കൊള്ളരുത്. അവർ കുടിച്ചിട്ട് നിയമം മറന്നു പോകുവാനും, അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്.
അതുകൊണ്ട്, കണ്ണിൽ കാണുന്ന ഏതു രുചിയുടെയും പിന്നാലെ പോകാതിരിക്കുന്ന ഒരു തപസ്യ എല്ലാവരിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
5. "മൂക്ക്" വിഷയം " ഗന്ധം/ വാസന".
മൂക്കുകൊണ്ട് ഇപ്പോൾ അറിയുന്ന ഗന്ധം താൽക്കാലികമാണ്. നമ്മുടെ പരിസരം മാലിന്യം കൊണ്ടു നിറഞ്ഞു
ദുർഗന്ധം വമിച്ചാൽ നമ്മൾ അത് ശുദ്ധീകരിക്കും. ആ ശുദ്ധീകരണ പ്രക്രിയ
ഒരു തപസ്യ ആണ്. അതിൽനിന്നും നമ്മൾ ഒഴിഞ്ഞു നിന്നാൽ നമ്മുടെ ശരീരം പോലും രോഗഗ്രസ്തമാകുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരിസര ശുചീകരണവും ശരീരശുചീകരണവും
(ശൗചം) ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്.
അതോടൊപ്പം തന്നെ ആന്തരിക ശുദ്ധീകരണവും അനിവാര്യമാണ്.
അത് ജന്മജന്മാന്തരങ്ങളായി നമ്മിൽ തന്നെ അടിഞ്ഞു കൂടിയിട്ടുള്ള വാസനകൾ ആണ് (പൂർവാർജ്ജിത വാസനകൾ).
അതോടൊപ്പം തന്നെ കർമ്മവാസനകൾ ആകുന്ന കള്ളന്മാരും.
തത്ത്വമസി മഹാവാക്യത്തിലെ
8 ഉദാഹരണങ്ങളിൽ 6ാം ഉദാഹരണമായി വരുന്നത് ഈ വിഷയം ആണ്.
, "സ്വരാജ്യമായ ഗാന്ധാര ദേശത്തു നിന്നും കള്ളന്മാർ കണ്ണുകെട്ടി വിദേശത്ത് ഒരു വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടവൻ"
ആത്മാവാണ് ഒരുവന്റെ സ്വരാജ്യം.
അവിടെ നിന്നും "കള്ളന്മാരാൽ"കണ്ണുകൾ കെട്ടപ്പെട്ട്
വിദേശത്ത് തള്ളപ്പെട്ടവൻ (ലോകവാസനകൾക്ക് അടിമപ്പെട്ടവൻ)
ഇവിടെ പറയുന്ന കള്ളന്മാർ പൂർവ്വാർജ്ജിത വാസനകളും, കർമ്മവാസനകളും ആണ്. ഇതിനെ എല്ലാം ഒഴിവാക്കി സ്വരാജ്യത്ത് എത്തിക്കുന്ന ഒരു ഗുരുവിനു വേണ്ടി വിലപിക്കുന്ന ഒരു മുമുക്ഷു ആണ് ഗാന്ധാരൻ.
അതായത്, " ഒളി മുതലം പഴം അഞ്ചും
ഉണ്ട് നാറും നളികയിലേറി നയേന മാറിയാടും കിളികളെ അഞ്ചും അരിഞ്ഞു കീഴ്‌മറിക്കും " വെളിവ്"
പ്രദാനം ചെയ്യുന്ന ഗുരു. ആ ഗുരുവിലൂടെ
നമ്മിൽ അന്തർലീനമായിരിക്കുന്ന ഭൂതബാധകളെ തപിപ്പിച്ച് നമ്മിൽ നിന്നും ലോകവാസനകൾക്ക് നാശം ഉണ്ടാക്കി നമുക്കും ലോകത്തിനും ക്ഷേമകരമായ വാസനകളെ വളർത്തി എടുക്കുന്നതും തപസ്യയാണ്.
ഇതുപോലെ കർമ്മേന്ദ്രിയങ്ങളെയും
വ്യക്തിജീവിതത്തിന്റെ ശ്രേയസിനും
സമഷ്ടിയുടെ നന്മയ്ക്കും വേണ്ടി നമ്മൾ വിനിയോഗിക്കുമ്പോൾ കർമ്മേന്ദ്രിയങ്ങളുടെ തപസ്സ് ആയി.
ഇപ്രകാരം തിന്മയെ നമ്മിൽനിന്നും തടയുകയും, നന്മയുടെ സൗരഭ്യം ലോകത്തിൽ പരത്തുകയും ചെയ്യുമ്പോൾ
അതിനേക്കാൾ വലിയ ഒരു തപസ്സ് ഇല്ല.
പാതഞ്ജലയോഗസൂത്രത്തിലെ
5 നിയമങ്ങളിൽ ശൗചം, സന്തോഷം, തപസ്സ് എന്നീ മൂന്ന് നിയമങ്ങളെ കുറിച്ച്
കഴിഞ്ഞ 6 ഭാഗങ്ങളിലൂടെ നമ്മൾ അല്പം ചിന്തകൾ പങ്കുവെച്ചു.
4ാം നിയമം "സ്വാദ്ധ്യായം" ആകുന്നു.
അത് അടുത്ത ഭാഗത്തിൽ
(കടപ്പാട് ഗുരു നിത്യചൈതന്യയതി)
GOOD FRIDAY
🙏🙏🙏

25/02/2025

🙏 ആത്മോപദേശശതകം 🙏
❤️ ശ്ലോകം 5 ♥️ 🌹Part 5 🌹
കഴിഞ്ഞ 4ാം ഭാഗത്തിൽ ആത്മോപദേശശതകം 5ാം ശ്ലോകവുമായി ബന്ധപ്പെടുത്തി പാതഞ്ജലയോഗസൂത്രം സമാധി പാദത്തിലെ 30ാം സൂത്രത്തിൽ പറഞ്ഞിരിക്കുന്ന, ജീവിതത്തിൽ സാധാരണ മനുഷ്യർക്ക് ഉണ്ടാകുന്ന
9 അന്തരായങ്ങളിൽ( പ്രയാസങ്ങളിൽ )
മൂന്നാമതായി വരുന്ന " സംശയം " എന്ന വിഷയത്തെ ആസ്പദമാക്കി അല്പം ചിന്തകൾ പങ്കുവെച്ചു.
കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച്
അർജുനനെ പ്രധാനമായും രണ്ട് അന്തരായങ്ങൾ ആണ് വേട്ടയാടിയത്.
ഒന്നാമതായി " നിയത " കർമ്മത്തിൽ നിന്നും പരധർമ്മത്തിലേക്ക് മനസ്സ് വഴുതി പോയത്(വ്യാധിയും, അതിനോട് അനുബന്ധമായി വരുന്ന സ്ത്യാനവും).
അതിന് കാരണമായത് അസ്ഥാനത്ത്
സത്വഗുണം അധികരിച്ചു എന്നതാണ്.
ആത്മപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് സത്വഗുണ ലക്ഷണം ആണെങ്കിലും അനവസരത്തിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
കാഷായവസ്ത്രധാരിയായി കമുണ്ഡലവും യോഗദണ്ഡും കയ്യിൽ ഏന്തി സർവ്വസംഘപരിത്യാഗിയായി നടന്ന ഒരു അർജുനൻ അല്ല കുരുക്ഷേത്ര യുദ്ധഭൂമിയിൽ നിൽക്കുന്നത്.
ക്ഷാത്രതേജസ്സുള്ള അർജ്ജുനൻ ആണ്.
ഒരു ധർമ്മ യുദ്ധം അനിവാര്യമായി വന്നാൽ യുദ്ധം ചെയ്യുക എന്നത് ക്ഷത്രിയധർമ്മമാണ്. എന്നാൽ ദേവാംശജനും ആണ്.
തന്നെയുമല്ല, യുദ്ധഭൂമിയിലേക്ക് കൃഷ്ണനല്ല അർജുനനെ ക്ഷണിച്ചത്,
മറിച്ച് അർജുനനാണ് കൃഷ്ണനെ ക്ഷണിക്കുന്നതും തന്റെ തേരാളിയായി നിയോഗിക്കുന്നതും.
എതിർ ചേരിയിൽ നിൽക്കുന്ന കൗരവ സൈന്യാധിപൻ ആയിരിക്കുന്ന ഭീഷ്മരുടെ വെല്ലുവിളിയെ ഏറ്റെടുത്തുകൊണ്ട് ശംഖ് വിളിച്ചതും അർജുനൻ ആണ്.
പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തതിനാൽ " വിജയൻ "
എന്ന വിശേഷണം അവാർഡ് ആയി കിട്ടിയവനാണ് അർജുനൻ.
അർജുനനിൽ പരാജയഭീതി ഇല്ല താനും.
പിന്നെ എന്താണ് നിയത കർമ്മത്തിൽ നിന്നും അർജുനനെ പിന്തിരിപ്പിച്ച് പരധർമ്മം ആയിരിക്കുന്ന സന്യാസത്തിന് പ്രേരിപ്പിച്ചത്?
അത് സത്വഗുണ ലക്ഷണമായ പൂർവ്വകാലസുഖസുമൃതികളിൽ ഉള്ള
" രാഗം " ആണ്. അത് ജീവനെ ബന്ധിച്ചു കളഞ്ഞു.
എതിർ ചേരിയിൽ നിൽക്കുന്നത് പൂജനീയനായ പിതാമഹൻ ഭീഷ്മരും,
ആരാധ്യനായ തന്റെ അസ്ത്രവിദ്യാഗുരു
ദ്രോണരും ആണ്. അദ്ദേഹം ക്ഷത്രിയൻ അല്ല, ബ്രാഹ്മണകുലത്തിൽ ജനിച്ച ആളുമാണ്. അവരിൽ നിന്നും തനിക്ക് ലഭ്യമായിട്ടുള്ള പൂർവ്വകാല സുഖസ്മൃതികൾ അർജുനനെ രാഗ പരവശനാക്കി അർജുനന്റെ മനസ്സിനെ തളർത്തി കളഞ്ഞു.
എന്നിട്ട് താൻ സന്യസിക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്യുന്നു. അർജുനന്റെ തീരുമാനം ഒരു യഥാർത്ഥ സന്യാസിയുടെ സമഷ്ടി ബോധത്തിൽ നിന്നും ഉളവായതല്ല. കാരണം, തന്റെ ബന്ധുക്കളും മിത്രങ്ങളും അല്ലായിരുന്നു എങ്കിൽ യുദ്ധം ചെയ്യാമായിരുന്നു എന്ന ധ്വനിയും തന്റെ തീരുമാനത്തിൽ മൗനസ്വരമായി ഉണ്ട്, അതുകൊണ്ട് തന്നെ.
നമ്മുടെ സാധാരണ ജീവിതവും അതുപോലെതന്നെ, നമ്മുടെ സ്വന്തക്കാരോ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരോ ആണെങ്കിൽ അവരിൽ അധർമ്മം ഉണ്ടായാലും ധർമ്മ സങ്കടത്തിൽ അകപ്പെട്ട് നമ്മൾ മൗനം ഭജിച്ചു നിഷ്ക്രിയരാകും. അധർമ്മികൾക്കുവേണ്ടി വേണ്ടിവന്നാൽ വക്കാലത്ത് പിടിക്കുകയും ചെയ്യും. അവരെ ന്യായീകരിക്കുവാൻ ഏതു കുതന്ത്രവും മെനയുകയും ചെയ്യും. ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നതും അതാണ്.
അപ്പോഴാണ് സത്യത്തിനും ധർമ്മത്തിനും നീതിക്കും സ്ഥാനമില്ലാതെ അധർമ്മം കൊടികുത്തി വാഴുന്നത്.
അതുകൊണ്ടാണ് ഗീതയിൽ കൃഷ്ണൻ അർജുനനോട് ചോദിക്കുന്നത്, "അനവസരത്തിൽ ഈ ക്ലൈബ്യം
(അപൗരുഷം/ നപുംസകത്വം ) നിനക്ക് എവിടെ നിന്നു വന്നു എന്നും, നീ ജ്ഞാനിയെപ്പോലെ സംസാരിക്കുന്നു" എന്നും.
അച്ഛനും അമ്മയും വക്കീലന്മാരാണ്.
മകനും ഒരാഗ്രഹം വക്കീൽ ആകണമെന്ന്. ലോ കോളേജിൽ ചേർന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ നേടി, കോടതിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ,
അപൂർവങ്ങളിൽ അപൂർവ്വമായ ഒരു കേസിൽ ജഡ്ജി ഒരു വധശിക്ഷ വിധിക്കുന്നു. ആ വിധി കേട്ടപ്പോൾ
മനുഷ്യരെ കൊല്ലിക്കുന്ന ഈ പണി എനിക്ക് വേണ്ട എന്ന് പറഞ്ഞു, പ്രാക്ടീസും മതിയാക്കി കോടതിയിൽ നിന്നും ഇറങ്ങിപ്പോകുന്നവനെ വിശേഷിപ്പിക്കുവാൻ ഭഗവാൻ കൃഷ്ണൻ പറഞ്ഞ വാക്ക് തന്നെയാണ് ഉചിതം. പ്രതിക്കൂട്ടിൽ നിൽക്കുന്ന കുറ്റാരോപിതൻ കുറ്റവാളി എന്ന് തെളിഞ്ഞാൽ ആ കുറ്റവാളി ശിക്ഷയ്ക്ക് അർഹനാണ്. അത് രക്തബന്ധത്തിൽ പെട്ടവരായാലും, സുഹൃത്ത് വലയത്തിൽ പെട്ടവർ ആയാലും, സ്വരാഷ്ട്രീയത്തിൽ പെട്ടവർ ആയാലും അവിടെ വ്യക്തിബന്ധങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല. നിയമത്തിനാണ് സ്ഥാനം. നീതിപീഠത്തിൽ വ്യക്തിയായി ഇരിക്കുന്ന ആളിനും ഒരു സ്ഥാനവും ഇല്ല.
എന്നാൽ ആ വ്യക്തിയുടെ ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന നിയമത്തിനാണ് സ്ഥാനം. നിയമം വിധി പറയുന്നത് മൗനസ്വരത്തിലാണ്. ആ മൗനസ്വരത്തെ ശബ്ദ സ്ഫോടനം നടത്തി പ്രസ്താവിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണ് ആ നീതിപീഠത്തിൽ ഇരിക്കുന്ന ശരീരം.
അതാണ് നിയതകർമ്മത്തോടുള്ള ഉത്തരവാദിത്വം.
അപ്പോൾ സംശയങ്ങൾ വേട്ടയാടപ്പെടാം.
വ്യാധിയും സ്ത്യാനവും ബാധിച്ച് തളർന്ന് നിഷ്ക്രിയനായ അർജ്ജുനനിൽ സംശയവും ഉണ്ടായി. ഉണ്ടായോ?
നമുക്കൊന്ന് നോക്കാം,
" കാർപ്പണ്യദോഷോപഹതസ്വഭാവ:..... "
എന്ന് തുടങ്ങുന്ന ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യായോഗത്തിലെ
7ാം ശ്ലോകം. അർത്ഥം:
" കാർപണ്യദോഷബാധിതനായ സ്വഭാവത്തോടുകൂടിയ ഞാൻ ധർമ്മത്തിൽ "സംശയമുള്ള" മനസ്സോടു കൂടിയവൻ ആയിട്ട് അങ്ങയോട് ചോദിക്കുന്നു, ഏതാണ് എനിക്ക് നിശ്ചയമായും ശ്രേയസ്കരമായി ഭവിക്കുന്നത്, അതിനെ എനിക്ക് പറഞ്ഞു തന്നാലും, ഞാൻ അങ്ങയുടെ ശിഷ്യൻ ആകുന്നു. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ഉപദേശിച്ചാലും".
ഇവിടെ അർജുനന്റെ സംശയം
ധർമ്മം എന്ത്, അധർമ്മം എന്ത് എന്നതാണ്. ആദ്യം സ്വയം തീരുമാനങ്ങൾ എടുത്ത് കൃഷ്ണന്റെ മുൻപിൽ അവതരിപ്പിച്ചതാണ്. അതൊക്കെ ഒരു മൗഢ്യം ബാധിച്ച ബുദ്ധിയിൽ നിന്നും ഉളവായത് ആണെന്നുള്ള ഒരു ബോധം അർജുനനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ ആണ് അതിൽ വിലപിക്കുകയും, ബന്ധുവായും
ഉറ്റ സുഹൃത്തായും സാരഥിയായും ഒക്കെ കണ്ട കൃഷ്ണനെ തന്റെ ഗുരു സ്ഥാനത്ത് കണ്ടുകൊണ്ട് ശിഷ്യത്വം സ്വീകരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും.
ശ്രീകൃഷ്ണാര്‍ജുന സംവാദ രൂപത്തിലുള്ള ഗീത ഉപനിഷത്തായി തീരുന്നത് ഈ 7ാം ശ്ലോകം മുതലാണ്.
ഇതുവരെ കൃഷ്ണൻ സംസാരിച്ചിരുന്നത്
ഒരു സാരഥി എന്ന നിലയ്ക്ക് മാത്രമാണ്.
ഇവിടെ നമ്മൾ ചെയ്യേണ്ടത് എന്താണ്?
ഗീതയുടെ ചരിത്രപശ്ചാത്തലങ്ങളെ
മനസ്സുകൊണ്ട് ത്യജിച്ചിട്ട്, കൃഷ്ണനെ പരമാത്മാവിന്റെ പ്രതിനിധിയായ ജഗദ് ഗുരുവായും, ആത്മോപദേശ ശതകത്തിൽ ഗുരു വെളിവ് ആക്കി തരുന്ന " വിലമതിയാത വിളക്ക് " നെ
( ബ്രഹ്മസ്വരൂപത്തെ ) അറിയാതെ പ്രാപഞ്ചികബോധത്താൽ സംശയങ്ങളുടെ നീണ്ട പട്ടികയുമായി
ഉഴറി അലയുന്ന ലോകമാനവരാശിയുടെ പ്രതിനിധി ആയി അർജ്ജുനനെയും വേദവ്യാസൻ വളരെ അർത്ഥ സംപുഷ്ടമായും തന്മയത്വത്തോടുകൂടിയും ധർമ്മാധർമ്മ വിവേചനം നടത്തി അവതരിപ്പിച്ചിരിക്കുന്ന മഹത്തായ കൃതിയാണ് ശ്രീമദ്ഭഗവദ്ഗീത എന്നതാണ്.
ഇവിടെ ഒരു വ്യത്യാസമുള്ളത് അർജുനന്റെ സംശയമല്ല, സാധാരണ മനുഷ്യരായ നമ്മുടെ സംശയങ്ങൾ.
സംശയങ്ങൾ നമ്മൾ ഓരോരുത്തരിൽ നിന്നുമാണ് ദൂരീകരിക്കപ്പെടേണ്ടത്.
ഒരു ചരിത്രം പഠിക്കുന്നതുപോലെ ഗീതയെ പഠിച്ചിട്ട് നമുക്ക് എന്തു പ്രയോജനം? അതിൽ പറഞ്ഞിരിക്കുന്ന തത്വങ്ങളെ ഉൾക്കൊള്ളുവാൻ കഴിയണം. അപ്പോൾ മാത്രമേ നമുക്ക് സംശയനിവർത്തി ഉണ്ടാവുകയുള്ളൂ.
അത് മുൻപോട്ടുള്ള പഠനത്തിൽ
കൂടുതൽ വെളിവായി കിട്ടും.
( ശേഷം അടുത്ത ഭാഗത്തിൽ )
🙏🙏🙏

15/02/2025

🙏 ആത്മോപദേശശതകം 🙏
♥️ ശ്ലോകം 4 ♥️ 🌹Part 5 🌹
കഴിഞ്ഞ Part 4ൽ ഗീതയിലെ 12ാം
അദ്ധ്യായമായ ഭക്തിയോഗത്തിലെ
13 - 14 ശ്ലോകങ്ങളുമായി ബന്ധപ്പെടുത്തി
ആത്മോപദേശശതകത്തിലെ 4ാം
ശ്ലോകത്തോട് അനുബന്ധമായി അല്പം ചിന്തകൾ നമ്മൾ പങ്കുവെച്ചു.
പരമാത്മാവിനോട് ജീവാത്മാവ് ഐക്യപ്പെട്ടു നിൽക്കുന്ന ഭക്തരുടെ ലക്ഷണങ്ങൾ ആയിരുന്നു അതിലെ പ്രതിപാദ്യ വിഷയം.
അതിനോട് ചേർന്നുവരുന്ന 15 - 16 ശ്ലോകങ്ങളിലൂടെ നമുക്ക്
വെളിവ് ആക്കി തരുന്ന ഉത്തമ ഭക്തിയുടെ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കാം.
"യസ്മാന്നോദ്വിജതേ ലോകോ....." എന്ന് തുടങ്ങുന്ന ശ്ലോകം മുതൽ.
അർത്ഥം: യാതൊരുവൻ നിമിത്തം ജനം ക്ഷോഭിക്കുന്നില്ലെയോ ജനം നിമിത്തം യാതൊരുവനാണോ ക്ഷോഭിക്കാതെയും ഇരിക്കുന്നത്,
സന്തോഷം, കോപം, ഭയം ഇവയോട് യാതൊരുവനാണോ മോചിതനായും ഇരിക്കുന്നത് അവനും എനിക്ക് പ്രിയപ്പെട്ടവൻ തന്നെ"(ശ്ലോകം 15).
ജർമ്മൻ തത്വചിന്തകനായ ഇമ്മാനുവൽ ക്യാൻഡ് സദാചാരത്തിനും ദുരാചാരത്തിനും വളരെ അർത്ഥസംപുഷ്ടമായ ഒരു നിർവചനം നൽകിയിട്ടുണ്ട്,
"That which can be repeated indefenitly is
moral ; that which can't be repeated in the same place with the same persons indefenitly is immoral"
( സമുദായമദ്ധ്യേ എത്ര പ്രാവശ്യം വേണമെങ്കിലും ആവർത്തിക്കാവുന്നത്
സദാചാരപരവും, ഒരേ സ്ഥലത്ത് ഒരേ ആളുകളുടെ മദ്ധ്യത്തിൽ പലപ്രാവശ്യം
ആവർത്തിക്കുവാൻ കഴിയാത്തത് ദുരാചാരവും ആകുന്നു)
ഒരു സായിപ്പിന്റെ" What is God? " എന്ന ചോദ്യത്തിന് നടരാജഗുരു കൊടുത്ത മറുപടി ശ്രദ്ധേയമാണ്,
" That which is right, even when you are wrong is God"
( നിങ്ങൾ തെറ്റ് ചെയ്യുമ്പോഴും യാതൊന്നാണോ ശരി ആയിരിക്കുന്നത്
അതാണ് ദൈവം )
തെറ്റിനെ തള്ളിക്കളയുകയും ശരിയെ മാത്രം സ്വീകരിക്കുകയും ചെയ്യുന്നവൻ പരമാത്മാർപ്പണബോധത്തോടുകൂടി
കർമ്മത്തിൽ വ്യാപൃതൻ ആകുന്നതുമൂലം ഞാൻ ചെയ്യുന്നവൻ എന്നുപറഞ്ഞ് സന്തോഷിക്കുകയോ,
കോപിക്കുകയോ, ശരിയിൽ മാത്രം ഉറച്ച് നിൽക്കുന്നതുകൊണ്ട് ഭയപ്പെടുകയോ
ചെയ്യുന്നില്ല.
ഗീത 12ന്റെ 16ാം ശ്ലോകത്തിൽ പറയുന്നു,
" അനപേക്ഷ ശുചിർദക്ഷ... " എന്ന് തുടങ്ങുന്ന ശ്ലോകം. അർത്ഥം:
" ഒരു അപേക്ഷയും ഇല്ലാത്തവനും
ചെയ്യേണ്ടത് സമയബന്ധിതമായി കൃത്യമായി മടികൂടാതെ ചെയ്യുന്നവനും,
ഒന്നിലും പറ്റില്ലാത്തവനും ( ഞാൻ അറിയുന്നവൻ, ഞാൻ ചെയ്യുന്നവൻ, ഞാൻ അനുഭവിക്കുന്നവൻ എന്നീ അഭിമാനങ്ങളെ ഒഴിഞ്ഞവൻ), ദുഃഖം ഇല്ലാത്തവനും, ഒരു കർമ്മത്തെയും മന:പ്പൂർവ്വം ആരംഭിക്കാത്തവനും ഏവനോ അവനും എനിക്ക് പ്രിയൻ ആകുന്നു".
ഇപ്രകാരമുള്ളവർ അത്യാഗ്രഹം മൂത്ത്
പുതിയ പുതിയ സംരംഭങ്ങൾ ആരംഭിച്ച്
പെടാപ്പാടുപെടുവാനോ കടം കയറി
നിൽക്കണ്ണി ഇല്ലാതെ മനസ്സിന്റെ സമാധാനം നശിപ്പിക്കുവാനോ മുതിരുകയില്ല. ഇവർ ലളിതമായ ജീവിതത്തെ താലോലിക്കുന്നു. സമാധാനത്തെ അവർ ഇഷ്ടതോഴൻ ആക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ധനവാൻ എന്ന് പേര് എടുത്ത ശലോമോൻ രാജാവ് ബൈബിളിലെ സദൃശ്യവാക്യങ്ങളിൽ എഴുതിയിരിക്കുന്നു,
"നീ ധനവാനായി കഷ്ടങ്ങൾ അനുഭവിച്ചു ജീവിക്കുന്നതിനേക്കാൾ, ദരിദ്രനായി സമാധാനത്തോടുകൂടി ജീവിക്കുന്നതാണ് ഉത്തമം" എന്ന്.
ശ്രീനാരായണ ഗുരുവിനാൽ രചിക്കപ്പെട്ട
മറ്റൊരു കൃതിയാണ് "കാളിനാടകം".
അതിൽ കാളിയുടെ കിരീടത്തിന് മൂന്ന് പ്രത്യേകതകൾ ഉണ്ട്. പകുതിഭാഗം സ്വർണവും പകുതിഭാഗം ജടയും ആണ്.
കിരീടത്തിന് മുകളിൽ ഒരു രത്നകല്ലും ഉണ്ട്. ലൗകിക ജീവിത വ്യവഹാരത്തിന്
ധനം ആവശ്യമാണ്. അതിന്റെ പ്രതീകമാണ് സ്വർണ്ണം. എന്നാൽ ധനത്തിനോട് ആർത്തി കൂടിയാൽ അത് അപകടത്തിലേക്കുള്ള വീഥി ആയിരിക്കും. അതുകൊണ്ട് ആത്മനിയന്ത്രണം അനിവാര്യമാണ്.
അതിന്റെ പ്രതീകമാണ് ജട.
മനോനിയന്ത്രണത്തിന് ആത്മജ്ഞാനം കൊണ്ട് ജീവൻ പുഷ്ടി പ്രാപിച്ച് ബുദ്ധി പ്രകാശിക്കണം. ആത്മജ്ഞാനത്തിന്റെ പ്രതീകമാണ് രത്നകല്ല്. അപ്പോൾ ഏറ്റവും വിലപിടിപ്പുള്ളത് ആത്മജ്ഞാനം ആകുന്ന രത്നക്കല്ലാണ്.
ആ രത്നത്തെയാണ് ഗുരു ഈ ശ്ലോകത്തിൽ "ആദിമഹസ്സ് " എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതിൽ
( ആ അറിവിൽ) അമർന്ന് അതിൽ ലീനൻ ആകണം. ഇപ്രകാരം ഐക്യം പ്രാപിച്ച ഭക്തന് അപേക്ഷിക്കുവാൻ പുറത്ത് ആരാണുള്ളത്? അത് ഉള്ളിലും പുറത്തും ഒരുപോലെ ഉജ്ജ്വലിച്ചു നിൽക്കുകയാണ്.
ഇനിയും 17 18 19 എന്നീ ശ്ലോകങ്ങൾ കൂടി നോക്കാം. ( അത് അടുത്ത ഭാഗത്തിൽ )
🙏🙏🙏

14/02/2025

വിശുദ്ധ, വിശുദ്ധൻ എന്നിങ്ങനെ പേരെടുത്തിട്ടുള്ളവരുടെ മുൻപിൽ
പണം നിക്ഷേപിക്കാനുള്ള വഞ്ചി വെച്ചിരിക്കുന്നതാണ് അവരോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവ്.
പണമാണ് ഇന്ന് എവിടെയും അസമാധാനത്തിന്റെ അടിസ്ഥാനം ആയിരിക്കുന്നത്.
അച്ചൻ തികച്ചും ഭൗതികം മാത്രമാണ് സംസാരിക്കുന്നത്. ഇതിൽ ആത്മീകം ഇല്ല.
അത് മനസ്സിലാകണമെങ്കിൽ എന്തുകൊണ്ട്, നമ്മളൊക്കെ
നമ്മുടെ മാതാവിനെ അമ്മേ എന്ന് വിളിക്കുമ്പോൾ യേശു മാത്രം
" സ്ത്രീയെ" എന്നുമാത്രം സംബോധന ചെയ്തു എന്നതിന്റെ ആത്മീയ പൊരുൾ അറിയണം.
ശിഷ്യൻ യേശുവിനോട്, " നിന്റെ അമ്മയും സഹോദരന്മാരും നിന്നെ അന്വേഷിച്ചു പുറത്തു നിൽക്കുന്നു "
എന്ന് പറഞ്ഞപ്പോൾ " ആരാണ് എന്റെ അമ്മയും സഹോദരന്മാരും "
എന്ന് ചോദിച്ചതിന്റെ പൊരുൾ എന്തെന്ന് അറിയണം.
" എന്നെക്കാൾ കൂടുതൽ നിന്റെ അപ്പനെയോ അമ്മയെയോ നിന്റെ സഹോദരരേയോ നിന്റെ വയലിനെയോ കാളയെയോ കലപ്പയെയോ നീ സ്നേഹിക്കുന്നു എങ്കിൽ നീ എനിക്ക് യോഗ്യനല്ല"
എന്നു പറഞ്ഞതിന്റെ പൊരുളും അറിയണം.
പത്രോസ് ജെറുസലേം ദേവാലയത്തെ നോക്കി അതിന്റെ മനോഹാരിത വർണിച്ചപ്പോൾ, " ഇത് കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിക്കുന്ന കാലം വരുന്നു" എന്ന്
നമ്മൾ ആണെങ്കിൽ സൂപ്പർ എന്ന് പറയുന്നതുപോലെ പറയാതെ പറഞ്ഞത് എന്തുകൊണ്ട് എന്നറിയണം.
അതുപോലെ, " ഞാൻ അബ്രഹാമിനും മുൻപേ ഉണ്ട് " എന്ന് പറഞ്ഞതിൽ വരുന്ന "ഞാൻ" ആര് ആകുന്നു എന്നും അറിയണം.
അപ്പോൾ അബ്രഹാമിനും മുൻപ് ഉണ്ട് എന്ന് പറയുന്ന യേശുവിനെ പ്രസവിച്ചത് ആരാണ്?
അത് മനസ്സിലാകണമെങ്കിൽ,
"ഞാൻ സ്വയമായി ഒന്നും പറയുന്നില്ല;
ഒന്നും ചെയ്യുന്നുമില്ല" എന്നു പറയുമ്പോൾ ആരാണ് പറയുന്നത്, ആരാണ് ചെയ്യുന്നത് എന്നുകൂടി വ്യക്തമാക്കണം, സ്വയം വ്യക്തമാക്കണം?
അത് അറിഞ്ഞു കഴിഞ്ഞ് എന്നെ തന്നെ അതിലേക്ക് സമർപ്പിച്ചു കഴിയുമ്പോൾ " എന്റെ അമ്മ" "നിന്റെ അമ്മ" എന്ന തരംതിരിക്കൽ എല്ലാം അതിൽ വിലയും പ്രാപിക്കും.
" ഉളവായത് ഒക്കെയും അവനാലും അവങ്കലേക്കും ഉളവായി" എന്ന ബോധോദയം ഉണ്ടാകും.
അതോടെ എല്ലാ ഭേദവികാരങ്ങളും വിചാരങ്ങളും അസ്തമിക്കും.
എല്ലാവരും സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കൾ! അപ്പോൾ അശുദ്ധൻ വിശുദ്ധൻ
എന്ന ഭേദവിചാരവും അസ്തമിക്കും.
ക്രിസ്തുവിന്റെ സന്ദേശങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയല്ല, മറിച്ച് സർവ്വമാനവരാശിക്കും വേണ്ടിയാണ്
എന്നുള്ളതുകൂടി അറിഞ്ഞിരിക്കണം.
യേശുവിന്റെ പിറവിയോട് അനുബന്ധമായി ദൈവദൂതനിലൂടെ ആദ്യം കേൾക്കുന്ന സ്വരം, " ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാൻ ഉള്ള ഒരു മഹാസന്തോഷം നിങ്ങളോട് സുവിശേഷിക്കുന്നു " എന്നാണ്.
യേശുവിലൂടെ ഈ ആത്മീയ മർമ്മങ്ങൾ അറിയാത്തതാണ്
ഇന്ന് ക്രിസ്തുവിന്റെ പേരിൽ സ്ഥാപിതമായ മതങ്ങളിൽ
കാണുന്ന ചേരിതിരിവുകളും
ദേവാലയങ്ങൾക്കുള്ളിൽ പോലും നടക്കുന്ന പൈശാചികമായ ലഹളകൾക്കും കാരണമായിരിക്കുന്നത്.
പണക്കൊതിയനായ യൂദ 30 വെള്ളി കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത് പോലെ, ഇന്ന് മതം
സമ്പത്തിന്റെ തിളക്കത്താൽ മതിമറന്ന് യേശു കാണിച്ചുതന്ന സ്നേഹം എന്ത് എന്ന് അറിയാതെ
പരസ്പരം വാൾ എടുക്കുന്നവർ ആയിരിക്കുന്നു.
" പത്രോസ്, വാൾ എടുക്കുന്നവൻ
വാളാൽ തന്നെ നശിക്കും" എന്ന് യേശു പറഞ്ഞ സന്ദർഭം നമ്മൾ നമ്മളിൽ വിലയിരുത്തണം.
ആർ എവിടൊക്കെ വാൾ എടുത്തോ, ആ വാൾ ഒക്കെയും തിരിച്ച് ഉറയിൽ ഇടണം.
ഓരോരുത്തരുടെ കയ്യിലും 5 വാൾ വീതം ഉണ്ട്. 5 ഇന്ദ്രിയ വിഷയങ്ങളെ വെട്ടിപ്പിടിക്കുവാനുള്ള വാളുകൾ. അതിനെതിരെ പൊരുതുവാൻ ഒരൊറ്റ വാൾ മാത്രം ആത്മീയവൾ
( Spiritual sword ).
അതാണ് യേശു പറഞ്ഞത്, ഞാൻ "നിങ്ങളുടെ അടുത്തേക്ക് വന്നത് വാളുമായിട്ടാണ്" എന്ന്. ആ വാൾ പരസ്പരം രക്തം പുരട്ടാൻ ഉള്ള വാൾ അല്ല,
മറിച്ച് പരസ്പരം രക്തം ചൊരിയാതിരിക്കാനുള്ള വാളാണ്🙏

Want your business to be the top-listed Beauty Salon in Pathanamthitta?
Click here to claim your Sponsored Listing.

Category

Telephone

Website

Address


KAIPATTOOR
Pathanamthitta
689648